വി.എസിനെ കേന്ദ്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കേരള ഘടകം ചരടുവലി ആരംഭിച്ചു

വിശാഖപട്ടണം: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് വി.എസ് അച്യുതാനന്ദനെ പുറത്താക്കാന്‍ കേരള ഘടകം സമ്മര്‍ദ്ദം ശക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന ഔദ്യോഗിക പാനലില്‍ ഒരു കാരണവശാലും വി.എസിന്റെ പേര് ഉള്‍പ്പെടുത്തരുതെന്ന് കേരള നേതാക്കള്‍ കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യപ്പെടും.

ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായം ഉണ്ടാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായാണ് സൂചന.

വി.എസിനോട് അനുഭാവമുള്ള ജോസഫൈനും പി.കെ ഗുരുദാസനും കേന്ദ്ര കമ്മിറ്റിയില്‍ വി.എസിനെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

അത്തരമൊരു നിര്‍ദേശം കമ്മിറ്റിയില്‍ കേരള പ്രതിനിധികളുടെ ഭാഗത്ത് നിന്ന് തന്നെ വന്നാല്‍ ഏകാഭിപ്രായം കേരള ഘടകത്തിലില്ല എന്ന വാദമുയരുമെന്നും അത് മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളെ സ്വാധീനിച്ചാല്‍ വി.എസിന് ഗുണമാകുമോയെന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തിനുണ്ട്.

വി.എസിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്‍തുണ നല്‍കേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്ത് നിന്നുള്ള സമ്മേളന പ്രതിനിധികള്‍.

ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുന്ന പ്രകാശ് കാരാട്ടിനെക്കൊണ്ട് തന്നെ വി.എസിനെ ഒഴിവാക്കുന്നത് സംബന്ധിച്ച് വിശദീകരണവും നിര്‍ദേശവും കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന ഘടകത്തിന്റെ നീക്കം.

സ്വാധീനിക്കാന്‍ പറ്റുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ചില ഇടപെടലുകള്‍ സംസ്ഥാനത്തെ ചില നേതാക്കള്‍ നടത്തുമെന്നാണ് വിവരം.

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകളുടെ ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സംസ്ഥാനത്തെ ചില നേതാക്കളെ ഇതിനായി ചുമതലപ്പെടുത്തിയതായാണ് വിശാഖപട്ടണത്ത് നിന്ന് ലഭിക്കുന്ന സൂചന.

അച്ചടക്ക ലംഘനം തുടര്‍ക്കഥയാക്കി പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയാല്‍ ഒന്നും സംഭവിക്കില്ലെന്ന് കേന്ദ്ര നേതൃത്വത്തേയും സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷത്തോളമുള്ളതിനാല്‍ ഏത് പ്രതിസന്ധിയും നേരിട്ട് അധികാരത്തില്‍ തിരിച്ച് വരാനുള്ള ശേഷി സംസ്ഥാനത്തെ പാര്‍ട്ടിക്കുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.

ലെനിനിസ്റ്റ് സംഘടനാരീതി പിന്‍തുടരുന്ന പാര്‍ട്ടിക്ക് വി.എസിന് മാത്രമായി മറ്റൊരു പരിഗണന നല്‍കുന്നത് ശരിയല്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്.

വി.എസിനെ ക്ഷണിതാവായിപോലും കേന്ദ്രകമ്മിറ്റിയില്‍ എടുക്കരുതെന്ന ആവശ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേരള ഘടകം നിലപാട് കടുപ്പിക്കുന്നത്.

സീതീറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയാവുകയും, വി.എസ് കേന്ദ്ര കമ്മിറ്റിയില്‍ തുടരുകയും ചെയ്യുന്ന ‘അപകടകരമായ’ സാഹചര്യം ഒഴിവാക്കാന്‍ വി.എസിനെ ഒഴിവാക്കിയേ പറ്റു എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

Top