വി.എസിനെ സംഘടനാ തത്ത്വം പഠിപ്പിക്കുന്ന ഭാസുരേന്ദ്ര ബാബു ഭൂമി തട്ടിപ്പ് കേസില്‍ പ്രതി

കോഴിക്കോട്: ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പിണറായി വിഭാഗത്തിന്റെ കത്തുന്ന മുഖത്തിന് പിന്നിലെ വികൃത മുഖം പുറത്തായി.

കൃതൃമ രേഖയുണ്ടാക്കി 98 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തെന്ന കേസില്‍ രാഷ്ട്രീയ നിരീക്ഷകനായ ഭാസുരേന്ദ്ര ബാബുവിനെതിരെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി അസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കണ്ണൂര്‍ ജീല്ലയിലെ മാലൂര്‍ ശിവപുരം വില്ലേജിലെ ചിത്രവട്ടത്ത് റീ സര്‍വേ 12-ല്‍പ്പെട്ട ഭൂമിയാണ് കേസിന് കാരണമായത്.

നേരത്തെ പാട്ടത്തിനു നല്‍കിയിരുന്ന സര്‍ക്കാര്‍ ഭൂമി ഭാസുരേന്ദ്ര ബാബുവിന്റെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാണിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് കേസ്.

റീസര്‍വേ പ്രകാരം മിച്ചഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടെ ആഭിഭാഷകന്റെ സഹായത്തോടെ ഭൂമി സ്വന്തമാക്കിയതായി പരിശോധനയില്‍ കണ്ടെത്തി.
2007 നവംബര്‍ 14-ന് കണ്ണൂര്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ ഭാസുരേന്ദ്ര ബാബുവിന് പുറമെ ലാന്‍ഡ് ട്രൈബ്യൂണല്‍ ഡെപ്യൂട്ടി കളക്ടര്‍ സുലോചന, മുന്‍ വില്ലേജ് ഓഫീസര്‍ എന്‍.ശ്രീധരന്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ എ.ഇ മാധവന്‍നമ്പൂതിരി, അഡ്വ.ബെന്നി എബ്രഹാം, ആധാരമെഴുത്തുകരന്‍ ശ്രീധരന്‍ എന്നിവരും പ്രതികളാണ്.

കടുത്ത വി.എസ് അച്യുതാനന്ദന്‍ വിരുദ്ധനായി അറിയപ്പെടുന്ന ഭാസുരേന്ദ്രബാബു പാര്‍ട്ടി ചാനലിലെയും നിത്യ സാന്നിധ്യമാണ്.

സൈദ്ധാന്തിക തലത്തില്‍ തന്നെ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിവുള്ള ഭാസുരേന്ദ്ര ബാബുവാണ് മിക്ക സമയങ്ങളിലും പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ ‘മെഗാഫോണായി’ ചാനല്‍ ചര്‍ച്ചകളില്‍ വരാറുള്ളത്.

രൂക്ഷമായ വിമര്‍ശനമുന്നയിച്ച് പാര്‍ട്ടി സംഘടനാ തത്വം വി.എസിനെ ഓര്‍മ്മപ്പെടുത്തുന്ന ഭാസുരേന്ദ്ര ബാബു പക്ഷെ സര്‍ക്കാര്‍ ഭൂമിയുടെ കാര്യത്തില്‍ നിയമതത്വം പരസ്യമായി ലംഘിക്കുകയായിരുന്നു.

Top