ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുമെന്ന് സൂചന. കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത സംഭവം ഉള്‍പ്പെടെ വീണ്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി രംഗത്ത് വരുന്ന വി.എസിന്റെ നടപടിയാണ് നേതൃത്വത്തെ പ്രകോപിതരാക്കിയിട്ടുള്ളത്.
ഏപ്രില്‍ 14 മുതല്‍ 19വരെ വിശാഖപട്ടണത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായം ‘കാരണമാക്കി’കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് ധാരണ. ഇതു സംബന്ധമായി സിപിഎം അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള എന്നിവരുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആശയവിനിമയം നടത്തിയതായാണ് അറിയുന്നത്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികള്‍ക്കായി വി.എസ് രംഗത്ത് വന്നത് പാര്‍ട്ടി അണികള്‍ക്കിടയില്‍ വി.എസിന് എതിരായ വികാരത്തിന് കാരണമായതായി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരു കാരണവശാലും ഇനി വി.എസുമായി ഒത്തുപോകാന്‍ പറ്റില്ലെന്ന നിലപാടാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായിയും കോടിയേരിയും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് നിന്നുള്ള മറ്റൊരു പി.ബി അംഗമായ എം.എ ബേബി ഇക്കാര്യത്തിലെ തന്റെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വി.എസിനെതിരായ അണികളുടെ വികാരം ഇപ്പോള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലടക്കം ‘ശല്യ’മാകുമെന്ന കണക്കുകൂട്ടലും പുതിയ നീക്കത്തിന് പിന്നിലുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ നിലവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പകരം സീതാറാം യെച്ചൂരി സെക്രട്ടറിയായാല്‍ വി.എസ് വീണ്ടും കരുത്തനാകുമോയെന്ന ഭയവും ഇപ്പോഴത്തെ ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. വി.എസ് അനുസരണക്കേട് തുടരുകയാണെന്ന് കഴിഞ്ഞ ദിവസം സി.പി.എം വയനാട് ജില്ലാ സമ്മേളന വേദിയില്‍ കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചത് കേന്ദ്രനേതൃത്വവുമായി ആലോചിച്ചിട്ടാണെന്നാണ് അറിയുന്നത്. പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് നിലവിലെ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ നിയന്ത്രണത്തിലായതിനാല്‍ വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ കാര്യമായ എതിര്‍പ്പുണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ ധാരണ.
പിണറായി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് ഉറപ്പായതോടെ അടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അനുകൂലികള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചിലരുണ്ടെങ്കിലും ഇപ്പോള്‍ പാര്‍ട്ടി സെന്ററിന്റെ ഭാഗമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന എം.എ ബേബി കേരളത്തില്‍ കേന്ദ്രീകരിക്കില്ലെന്ന വിശദീകരണമാണ് കേന്ദ്രനേതൃത്വം നല്‍കുന്നത്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സെക്രട്ടറിയും കണ്ണൂര്‍കാരാവുന്നത് സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് കാരണമാകുമോയെന്ന് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുകയാണ്. നിലവില്‍ സി.പി.എം വര്‍ഗബഹുജന സംഘടനകളിലെ തലപ്പത്തും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും കണ്ണൂര്‍ ‘ആധിപത്യമാണ്’ ഉള്ളത്. ഇതിനെ മറ്റു ജില്ലാ കമ്മിറ്റികള്‍ ചോദ്യം ചെയ്യുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
ശക്തമായ ഒരു ഘടകകക്ഷിപോലും മുന്നണിയില്‍ ഇല്ലാത്ത ഇടതുപക്ഷം പിണറായിയെ മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തിരിച്ചടിയാവുമോയെന്ന ഭയം സി.പി.എം നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിധി ആയിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ വി.എസ് വീണ്ടും തലപൊക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും കണക്കുകൂട്ടല്‍. ഈ കണക്കുകൂട്ടല്‍ കൂടി മുന്നില്‍ കണ്ടാണ് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് വി.എസിനെ ഒഴിവാക്കാന്‍ ഔദ്യോഗികപക്ഷം ഇപ്പോള്‍ ശ്രമിക്കുന്നത്.
സംസ്ഥാന കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടാല്‍ വി.എസിന്റെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കാനും കേന്ദ്ര നേതൃതവത്തിന്റെ മുന്‍കൂര്‍ അനുമതി സംസ്ഥാന കമ്മിറ്റിക്ക് തേടേണ്ടതില്ല. ഈ അപകടം മുന്‍കൂട്ടികണ്ടാണ് താന്‍ ഇപ്പോഴും സജീവമാണെന്നും പ്രായം പ്രശനമല്ലെന്നും ചൂണ്ടിക്കാട്ടി വി.എസ് ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.
സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏക നേതാവായ വിഎസിന്റെ കാര്യത്തില്‍ സിപിഎം നേതൃത്വം ഏടുക്കുന്ന തീരുമാനം എന്തായാലും അത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.