വി.എസിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രാഷ്ട്രീയകേരളം:അന്തംവിട്ട് പാര്‍ട്ടി അണികള്‍

ആലപ്പുഴ:സിപിഎമ്മിന്റെ പടി ഇറങ്ങാനൊരുങ്ങുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍ കാതോര്‍ത്ത് രാഷ്ട്രീയ കേരളം.

സിപിഎമ്മിന്റെ രൂപീകരണകാലഘട്ടത്തില്‍ പങ്കാളിയായ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റിന്റെ പ്രതികരണം സിപിഎം രാഷ്ട്രീയത്തില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കുകയാണ്.

ഒറ്റ തിരിഞ്ഞ് സമ്മേളന പ്രതിനിധികള്‍ ആക്രമിച്ചതോടെ സഹികെട്ട് ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് പോയ വി.എസിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ശര്‍മയെയും ചന്ദ്രന്‍ പിള്ളയെയും പറഞ്ഞയച്ചെങ്കിലും താന്‍ തിരികെ സമ്മേളനത്തില്‍ എത്തണമെങ്കില്‍ താനുന്നയിച്ച കാര്യങ്ങളില്‍ നടപടി വേണമെന്ന് വി.എസ് ആവശ്യപ്പെടുകയായിരുന്നു.

സിപിഎം സംസ്ഥാന നേതൃത്വത്തിന് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്തതാണ് വി.എസിന്റെ ആവശ്യങ്ങള്‍ എന്നതാണ് ഇപ്പോള്‍ സിപിഎം കേന്ദ്രനേതൃത്വത്തെയും വെട്ടിലാക്കിയത്‌.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തനെയും ട്രൗസര്‍ മനോജിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും തനിക്കെതിരെ പാര്‍ട്ടി സെക്രട്ടേറിയറ്റ് അവതരിപ്പിച്ച പ്രമേയം പരസ്യമായി പിന്‍വലിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

ഇതോടൊപ്പം തന്നെ, തന്നെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്രനേതൃത്വം ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു .

ഈ ആവശ്യങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടില്‍ സിപിഎം സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ശക്തമായ തീരുമാനമെടുക്കാന്‍ അധികാരമുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പരസ്യമായി വിഎസ് തെറ്റു ചെയ്തുവെന്ന് സമ്മേളനത്തിന് മുമ്പാകെ പ്രഖ്യാപിക്കുക കൂടി ചെയ്തത് സിപിഎം രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുകയാണ്. സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ക്ക് പോലും മറിച്ചൊരു തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.

സിപിഎം നേതൃത്വം നേരിടുന്ന അസാധാരണമായ ഈ പ്രതിസന്ധി വി.എസിന്റെ പുറത്തുപോക്കില്‍ കലാശിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്.

കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലില്ലാത്തതിനെ തുടര്‍ന്ന് പ്രകോപിതനായി ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയ വി.എസ് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കാനുള്ള നീക്കത്തിലാണ്. ഇതിനു ശേഷം പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ പൊതുസമൂഹത്തോട് വിശദീകരിക്കാനാണ് നീക്കം. വിശസ്തരുമായി അദ്ദേഹം ഇതേകുറിച്ച് സംസാരിച്ച് ‘ധാരണ’ ഉണ്ടാക്കിയതായാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം.

സിപിഎം രാഷ്ട്രീയത്തിലെ ആഭ്യന്തര ‘രഹസ്യങ്ങള്‍’അറിയാവുന്ന വി.എസ് പരസ്യപ്രതികരണത്തിന് മുതിര്‍ന്നാല്‍ അത് എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ച് സിപിഎം നേതൃത്വത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സമ്മേളനകാലമായതിനാല്‍ വി.എസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സിപിഎം നേതൃത്വത്തിന് കഴിയില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് കൂടി രാജിവച്ചാണ് വി.എസ് പ്രതികരിക്കുന്നതെങ്കില്‍ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വത്തിന് തടസമുണ്ടാകില്ല.

അതേസമയം, നിലവിലെ സാഹചര്യം സിപിഎം അണികള്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലും കടുത്ത നിരാശയാണ് പടര്‍ത്തിയിട്ടുള്ളത്. വി.എസ് സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയതും പാര്‍ട്ടി സെക്രട്ടേറിയറ്റ് സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വി.എസിനെതിരെ ശാസനാ പ്രമേയം അവതരിപ്പിച്ചതും സംഭവിക്കാന്‍ പാടില്ലാത്ത നടപടിയാണെന്നാണ് പ്രവര്‍ത്തകരുടെ വികാരം.

Top