ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സിപിഎം പോളിറ്റ് ബ്യൂറോയുടെ പരസ്യ ശാസന. പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ഒരു ചാനല്‍ അഭിമുഖത്തില്‍ വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
ഈ ആരോപണങ്ങള്‍ പി.ബി തള്ളിക്കളയുന്നു. അച്യുതാനന്ദന്റെ ഇത്തരം പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടി താത്പര്യത്തിനു വിരുദ്ധമാണെന്നും പോളിറ്റ് ബ്യുറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രകാശ് കാരാട്ടും പിണറായി വിജയനുമടങ്ങുന്ന മുന്‍ നേതൃത്വമാണു സിപിഎമ്മിനെ ശിഥിലമാക്കിയെന്നും പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ പുതിയ സെക്രട്ടറിക്കുമുണ്ടെന്നും ഇതു കേന്ദ്ര നേതൃത്വം തിരുത്തുമെന്നുമായിരുന്നു ഞായറാഴ്ച വി.എസ് മാധ്യമങ്ങളോടു പറഞ്ഞത്.