കണ്ണൂര്‍: വി.എസ് അച്യുതാനന്ദന്റെ നിലപാടുകളെ പിന്‍തുണച്ച് സിപിഎം ഔദ്യോഗിക നേതൃത്വത്തെ നിരന്തരം പ്രഹരിച്ച ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അവസരവാദത്തിന്റെ പുതിയ രാഷ്ട്രീയ മുഖമാവുന്നു.
സിപിഎം അംഗത്വത്തിന് വേണ്ടി ‘വന്‍മതില്‍’ തകര്‍ത്ത് അപേക്ഷ വച്ച ബര്‍ലിന്‍ കുഞ്ഞനന്തനോട് സിപിഎം നേതൃത്വം കനിഞ്ഞതോടെയാണ് മുന്‍ നിലപാടുകള്‍ വിഴുങ്ങിയും വി.എസിനെതിരെ ആഞ്ഞടിച്ചും ബര്‍ലിന്‍ തനിനിറം കാട്ടിയത്.
വി.എസ് പാര്‍ട്ടിയില്‍ നിന്നും വിരമിക്കണമെന്നും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. വരും ദിവസങ്ങളില്‍ വി.എസിനെതിരെ കടുത്ത നിലപാടുമായി കുഞ്ഞനന്തന്‍ രംഗത്ത് വരുമെന്നാണ് ലഭിക്കുന്ന സൂചന. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം നിന്ന് ചാനല്‍ ചര്‍ച്ചകളില്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പത്ത് വര്‍ഷം മുന്‍പാണ് ബര്‍ലിന്‍ കുഞ്ഞനന്തനെ സിപിഎം പുറത്താക്കിയത്.
ഒരു കാലത്ത് പിണറായി വിജയനുമായി വളരെ അടുപ്പമുണ്ടായിരുന്ന കുഞ്ഞനന്തന്‍ സിപിഎം വിഭാഗീയതയില്‍ വി.എസ് പക്ഷത്ത് നിന്ന് പ്രതികരിച്ചതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായത്.
ടി.പി ചന്ദ്ര ശേഖരന്‍ വധത്തിന് ശേഷം ആര്‍എംപി വേദിയിലും കുഞ്ഞനന്തന്‍ നിത്യ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പി.കെ ശ്രീമതിക്ക് വേണ്ടി പ്രവര്‍ത്തിച്ചാണ് വീണ്ടും പാര്‍ട്ടിയോട് അടുക്കാന്‍ ശ്രമിച്ചിരുന്നത്.
ഏറ്റവും ഒടുവില്‍ വി.എസിന്റെ നയങ്ങളെ വിമര്‍ശിച്ച കുഞ്ഞനന്തന്‍, മുഖ്യമന്ത്രിയാകാന്‍ യോഗ്യത പിണറായിക്കാണെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പാര്‍ട്ടി അംഗത്വം അദ്ദേഹത്തെ തേടിയെത്തിയത്.
1942ല്‍ സഖാവ് കൃഷ്ണ പിള്ളയാണ് ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം കുഞ്ഞനന്തനു നല്‍കിയിരുന്നത്. 1943ല്‍ മുംബൈ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായിരുന്നു. ഇപ്പോള്‍ കണ്ണൂരിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്.
വീണ്ടും വി.എസും സംസ്ഥാന പാര്‍ട്ടിയും ഏറ്റുമുട്ടല്‍ ആരംഭിച്ചതിനാല്‍ ഇനി ചാനല്‍ ചര്‍ച്ചകളില്‍ വി.എസ് വിരുദ്ധനായി കുഞ്ഞനന്തന്റെ മറ്റൊരു മുഖമാണ് കാണാനാവുക.