തിരുവനന്തപുരം: ഒരു കാലത്ത് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും പിന്നീട് അകലുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജും ഇപ്പോള്‍ രാഷ്ടീയ ജീവിതത്തില്‍ നേരിടുന്നത് സമാനമായ വെല്ലുവിളികള്‍.
പാര്‍ട്ടി ‘വിരുദ്ധ’ പ്രമേയത്തിലൂടെയാണ് വി.എസിനെ സിപിഎം തഴഞ്ഞതെങ്കില്‍ യുവജന വിഭാഗം പ്രവര്‍ത്തകരെ തെരുവിലിറക്കി ജോര്‍ജിന്റെ കോലം കത്തിച്ചാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പി.സി ജോര്‍ജിനോടുള്ള അമര്‍ഷം പ്രകടിപ്പിക്കുന്നത്. രണ്ട്‌പേരും സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഏത് നിമിഷവും പുറംതള്ളപ്പെടാമെന്ന അവസ്ഥയിലാണിപ്പോള്‍.
അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വി.എസിന്റെ അടുത്ത അനുയായിയായി പ്രവര്‍ത്തിച്ചിരുന്ന പി.സി ജോര്‍ജ് മുന്‍ കാലങ്ങളില്‍ പിണറായി വിജയന്റെ കടുത്ത വിമര്‍ശകനായിരുന്നു. ഇടത് പാളയം വിട്ട് യുഡിഎഫില്‍ ചേക്കേറിയ പി.സി ജോര്‍ജ് വി.എസുമായി പരസ്യമായി കൊമ്പ് കോര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.
ആരെയും കൂസാതെ കടുത്ത നിലപാട് സ്വീകരിക്കുന്ന കാര്യത്തിലും വി.എസും പി.സി ജോര്‍ജും ഒരേസ്വഭാവക്കാരാണ്. സ്വന്തം പാര്‍ട്ടികള്‍ക്ക് ‘തലവേദന’യുണ്ടാക്കുന്ന കാര്യത്തിലും ഈ സമാനത തുടരുന്നു എന്നതും ശ്രദ്ധേയമാണ്.
ലാവ്‌ലിന്‍ കേസടക്കം പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലഘട്ടങ്ങളില്‍ അദ്ദേഹത്തോട് വിവിധ വിഷയങ്ങളില്‍ ഏറ്റുമുട്ടി പോന്ന വി.എസിന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങും മുന്‍പ് വിവാദ പ്രമേയം വഴി കനത്ത തിരിച്ചടി നല്‍കിയ അതേപാതയാണ് കെ.എം മാണിയും ഇപ്പോള്‍ പി.സി ജോര്‍ജിനോട് കാണിക്കുന്നത്.
പാര്‍ട്ടി വിരുദ്ധനെന്ന പ്രമേയം ഒരുക്കിയ കുരുക്കില്‍ കിടന്ന് പിടയുന്ന വി.എസും കേരള കോണ്‍ഗ്രസ് വൈസ്‌ചെയര്‍മാനായ പി.സി ജോര്‍ജിന്റെ കോലം തെരുവിലിട്ട് കത്തിച്ച് ഒറ്റുകാരനെന്ന് വിളിക്കുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നടപടി ഒരേ ലക്ഷ്യം മുന്‍ നിര്‍ത്തിയാ
ണ്.
പുകച്ച് പുറത്ത് ചാടിക്കുകയെന്ന മാണി തന്ത്രത്തിന്റെ ഭാഗമാണ് പി.സി ജോര്‍ജിനെതിരായ നീക്കം. ബാര്‍ കോഴ ആരോപണം വന്ന ഉടനെ തന്നെ മാണി രാജിവയ്ക്കണമായിരുന്നുവെന്ന പരസ്യ പ്രതികരണമാണ് കേരള കോണ്‍ഗ്രസില്‍ സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിന് കളമൊരുക്കിയത്.
നിലവിലെ സാഹചര്യത്തില്‍ വി.എസിനെ പോലെ തന്നെ ജോര്‍ജിനും സ്വന്തം പാര്‍ട്ടിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമാണ് ഉരുത്തിരിയുന്നത്. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്ത് പോകാതെ പാര്‍ട്ടി നടപടി ക്ഷണിച്ചുവരുത്തുന്ന നടപടികളാണ് വി.എസ് മാതൃകയില്‍ ജോര്‍ജും കൈക്കൊള്ളുന്നത്.
മാധ്യമങ്ങളുടെ ‘ ഇഷ്ട തോഴരായ’ ഇരുവരുടെയും നിലപാടുകള്‍ അറിയാന്‍ മാധ്യമപ്പട കിണഞ്ഞ് ശ്രമിച്ചിട്ടും തന്ത്രപരമായ ‘സസ്‌പെന്‍സാണ് ‘ ഇരുനേതാക്കളും നല്‍കുന്നത്.
തെളിവ് ശേഖരത്തില്‍ മിടുക്കരായ വി.എസിന്റെയും ജോര്‍ജിന്റെയും പക്കല്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ തക്കശേഷിയുള്ള നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് പൊതുവെയുള്ള നിഗമനം.
ഈ തെളിവുകളിലെ ‘സ്‌കൂപ്പിനായി’ മാധ്യമപ്പട വട്ടമിട്ട് പറക്കുമ്പോഴും കരുതലോടെ പ്രതികരിക്കുന്ന ‘ഇടഞ്ഞ കൊമ്പന്മാര്‍’ സ്വന്തം പാര്‍ട്ടികളില്‍ അന്തിമ പോരാട്ടത്തിനായി കച്ച മുറുക്കുകയാണ്.