ആലപ്പുഴ: മകന്റെ അഴിമതിക്കേസിന്റെ പേരില്‍ പ്രതിപക്ഷ നേതാവ്. വി.എസ്. അച്യുതാനന്ദന്‍ രാജിവച്ചാല്‍ താനും രാജി വയ്ക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
തന്നെ ഈ സ്ഥാനം ഏല്‍പ്പിച്ചത് വി.എസ് അല്ല. അതേല്‍പ്പിച്ചവര്‍ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാം. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് വനവാസത്തിന് പോകേണ്ടത് വി.എസാണ്. സ്വന്തം മകന്‍ അഴിമതി നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. അച്ഛനെന്ന നിലയ്ക്ക് വി.എസിന് അതില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല. തനിക്കെതിരെ ഒരു കേസുമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പെട്ടി പൊട്ടിക്കുന്നതിനു മുന്‍പുതന്നെ എസ്എന്‍ഡിപിയുടെ നയം തിരഞ്ഞെടുപ്പില്‍ വിജയിച്ചു. എസ്എന്‍ഡിപി – ബിജെപി സഖ്യമില്ല. പ്രാദേശിക ധാരണ മാത്രമാണുള്ളത്. അതിന്റെ ഗുണങ്ങള്‍ ഇരുകൂട്ടര്‍ക്കും തിരഞ്ഞെടുപ്പില്‍ ലഭിക്കും. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ അവസാനത്തോടെ ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍ കോളജ് നിയമനത്തിലും മൈക്രോ ഫിനാന്‍സ് പദ്ധതിയിലും അഴിമതിയുണ്ടെന്ന് വി.എസ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കണമെന്നായിരുന്നു വി.എസ്സിന്റെ ആവശ്യം.