ആലപ്പുഴ: വി.എസ് അച്യുതാനന്ദന് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പാര്‍ട്ടിയിലെ ക്രിമിനലുകളുടെ സംരക്ഷകനാണ് വി.എസ് എന്നും പാര്‍ട്ടിയില്‍ വിഭാഗീയത വളര്ത്തുന്നുവെന്നുമായിരുന്നു ആരോപണം.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണം. പാര്‍ട്ടി നടപടിയെ വിമര്‍ശിക്കുന്നവര്‍ അത് അവസാനിപ്പിച്ച് പാര്‍ട്ടി തീരുമാനത്തോട് യോജിക്കണമെന്ന നിര്‍ദേശവും പാര്‍ട്ടി പ്രതിനിധി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. നേതാക്കളുടെ കോലം കത്തിച്ച ലതീഷ് ബി. ചന്ദ്രനെപോലെയുള്ളവരെ പഴ്സണല്‍ സ്റ്റാഫില്‍ എടുത്തതുതന്നെ തെറ്റാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ചന്ദ്രബാബു പാര്‍ട്ടി വിരുദ്ധരുമായി ബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഇത്തരമൊരു ജില്ലാ സെക്രട്ടറിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് സമ്മേളനത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളുടെയും അഭിപ്രായം.
അതേസമയം, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ശക്തമായ നിലപാടാണ് പാര്‍ട്ടിയെ നിലനിര്‍ത്തുന്നതെന്നാണ് പ്രതിനിധികളുടെ അഭിപ്രായം.