വി.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ല; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി

ആലപ്പുഴ: സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു കൊണ്ട് വി.എസ് വാര്‍ത്താകുറിപ്പ് പുറത്തിറക്കി. സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന ബോധ്യം കൊണ്ടാണ് വിട്ടു നില്‍ക്കുന്നതെന്നും വാര്‍ത്താകുറിപ്പ് പറയുന്നു. ഇന്ന് 11 മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് വി.എസ് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം വാര്‍ത്താ കുറിപ്പ് ഇറക്കുകയായിരുന്നു.

വി.എസിന്റെ വാര്‍ത്താക്കുറിപ്പ്:
സി.പി.എം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവ വിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയതായി ഞാന്‍ മനസിലാക്കുന്നു. അത്രത്തോളം നല്ലത്. പോളിറ്റ് ബ്യൂറോ പരിശോധനയ്ക്കു ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതേപോലെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി മൂന്നു പാര്‍ട്ടി അംഗങ്ങളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇവര്‍ക്കെതിരെ നടപടി വേണമെന്നു ഞാന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം ഇതില്‍ ഒരാള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. മറ്റു രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല എന്നു മാത്രമല്ല, അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ നേതാക്കന്മാരായി അവരോധിച്ചിരിക്കുകയുമാണ്. ഇവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും പാര്‍ട്ടിക്കുണ്ടായ ദുഷ്‌പേര് ഇല്ലാതാക്കുകയും ചെയ്യണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞാന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഒരു പ്രമേയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നതു ശരിയല്ല എന്ന ബോധ്യംകൊണ്ടാണ് ഞാന്‍ സമ്മേളനത്തില്‍നിനിന്നു വിട്ടുനിന്നത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു.

മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ എനിക്ക് ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. എന്റെ ഈ നിസഹായാവസ്ഥ ഞാന്‍ ജനറല്‍ സെക്രട്ടറിയെ ഇന്നും രേഖാമൂലം അറിയിച്ചിട്ടുണ്ട്.’

Top