കൊട്ടാരക്കര: തന്നെ കൊട്ടാരക്കരയില്‍ തോല്‍പ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ആര്‍.ബാലകൃഷ്ണ പിള്ള. 28ന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
വീക്ഷണം അച്ചടിക്കുന്നത് ഇന്നാണ് അറിഞ്ഞതെന്നും പിള്ള പറഞ്ഞു.വീക്ഷണത്തിന്റെ എഡിറ്റോറിയലിന് മറുപടിയുമായാണ് പരിഹാസം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനാണ് താന്‍ എന്നാണ് മുഖപ്രസംഗത്തില്‍ ആക്ഷേപിച്ചിരിക്കുന്നത്. ഇരിക്കുന്ന കൊമ്പ് ഉണ്ടാക്കിയവനാണ് താന്‍. അതുകൊണ്ട് ആ കൊമ്പ് മുറിക്കാനും അധികാരമുണ്ടെന്ന് പിള്ള പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ഗണേഷ്‌കുമാറിനെ അധിക്ഷേപിച്ച് എഴുതിയ വീക്ഷണം ഇപ്പോള്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു. ഗണേഷ്‌കുമാറിന്റെ അത്രയും രാഷ്ട്രീയ പക്വത തനിക്കില്ലെന്നാണ് പറയുന്നത്. മകന്‍ നന്നായി എന്നുകേള്‍ക്കുന്നതില്‍ അച്ഛനെന്ന നിലയില്‍ അഭിമാനമുണ്ട്. അഴിമതി ആരോപണമുണ്ടായപ്പോള്‍ രാജിവച്ച് പുറത്തുപോയതാണ് താനും ആന്റണിയുമെല്ലാം. ബഡ്ജറ്റ് അവതരിപ്പിക്കണോയെന്ന് കെ.എം മാണിക്ക് തീരുമാനിക്കാം. അതിനുള്ള ധാര്‍മ്മികത മാണിക്കുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ടതാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
28 നു ചേരുന്ന യുഡിഎഫ് യോഗത്തിനു ശേഷം തന്നെ പുറത്താക്കുമെന്ന് പറയുന്നു. യുഡിഎഫ് തന്നെ പുറത്താക്കിയാലേ ജനങ്ങളുടെ മുന്നിലേക്ക് ചെല്ലാന്‍ കഴിയൂ. അഴിമതിക്കാര്‍ അകത്തും ആരോപിച്ചയാള്‍ പുറത്തുമെന്ന രീതി നല്ലതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.