വീണ്ടും അണുവായുധ പരീക്ഷണം നടത്തുമെന്ന് വടക്കന്‍ കൊറിയ

സിയോള്‍: വീണ്ടും അണുബോംബ് പരീക്ഷണം നടത്തുമെന്ന് വടക്കന്‍ കൊറിയയുടെ മുന്നറിയിപ്പ്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ വടക്കന്‍ കൊറിയക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി, അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് പുതിയ ഭീഷണി. വടക്കന്‍ കൊറിയയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള അന്വേഷണം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറണമെന്ന് ഐക്യരാഷ്ട സഭയുടെ ജനറല്‍ അസംബ്ലി കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിരുന്നു.

പുതിയ നീക്കം അനുസരിച്ച് വടക്കന്‍ കൊറിയയുടെ സമുന്നത നേതാവ് കിം ജോംഗ് ഉന്നിനെയും പ്രോസിക്യൂട്ടര്‍മാര്‍ക്ക് വിചാരണ ചെയ്യാം. ഐക്യരാഷ്ട്ര സഭയുടെ ഈ വോട്ടെടുപ്പിന് മുമ്പ് തന്നെ തങ്ങള്‍ അണുബോംബ് പരീക്ഷണം ആവര്‍ത്തിക്കുമെന്ന് വടക്കന്‍ കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴത്തെ ഐക്യരാഷ്ട്ര സഭയുടെ നടപടി തികച്ചും രാഷ്ട്രീയമായ പ്രകോപിപ്പിക്കലാണെന്ന് വടക്കന്‍ കൊറിയയുടെ വിദേശ മന്ത്രാലയം വ്യക്തമാക്കി. ഇത് മുന്നോട്ടു വെച്ചത് യൂറോപ്യന്‍ യൂനിയനും ജപ്പാനുമാണെങ്കിലും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയാണ്. വടക്കന്‍ കൊറിയയുടെ യുദ്ധോപകരണങ്ങളുടെ ശക്തി പരിധിയില്ലാതെ വര്‍ധിപ്പിക്കും.

അമേരിക്കയുമായി പോരാടാന്‍ ഇത് അനിവാര്യമാണ്. പാശ്ചാത്യന്‍ രാജ്യങ്ങളുടെ നിലപാട് പുതിയൊരു അണുബോംബ് പരീക്ഷണത്തിന് പ്രചോദനം നല്‍കുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മറ്റുരാജ്യങ്ങളുമായി സംഘര്‍ഷവും പൊരുത്തക്കേടുകളും ഉണ്ടായപ്പോഴെല്ലാം വടക്കന്‍ കൊറിയ സമാനമായ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. മറ്റൊരു അണുബോംബ് പരീക്ഷണത്തിന് കൂടി വടക്കന്‍ കൊറിയ മുതിരില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കാരണം, ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. അതിന് പുറമെ വിദേശ നിക്ഷേപകരെ നിരുത്സാഹപ്പെടുത്താനും കാരണമാകും.

Top