വീണ്ടും കൊലവിളിയുമായി താലിബാന്‍; ഇനിയും കുട്ടികളെ കൊല്ലുമെന്ന് മുന്നറിയിപ്പ്

ഇസ്‌ലാമാബാദ്: പെഷവാറില്‍ കുരുന്നുകളെ കൂട്ടക്കൊല ചെയ്തതിന് പിന്നാലെ ഇനിയും രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് പാക് താലിബാന്റെ ഭീഷണി. ഉന്നത രാഷ്ട്രീയക്കാരുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും മക്കളെയാണ് ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നത്. തെഹ്‌രീകെ ഇ താലിബാന്‍ ഭീകരാനായ മുല്ലാഹ് ഫസലുല്ല പാക്കിസ്ഥാന്‍ സര്‍ക്കാരിന് അയച്ച കത്തിലാണ് ഭീഷണി.

ഞങ്ങളുടെ സംഘത്തിലുള്ള ഒരാളെയെങ്കിലും ഇനി തൂക്കിലേറ്റിയാല്‍ നിങ്ങളുടെ കുട്ടികളെ കൊന്നിട്ടായിരിക്കും പ്രതികാരം വീട്ടുകയെന്നും സൈനിക മേധാവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും കുടുംബങ്ങളില്‍ ദുഃഖാചരണം നടത്തേണ്ടി വരുമെന്നും കത്തില്‍ പറയുന്നു. പെഷവാറിലെ കൊലയില്‍ പശ്ചാത്താപമില്ല. താലിബാനെതിരെ സര്‍ക്കാരും സൈന്യവും ചെയ്ത ദ്രോഹവുമായി താരതമ്യം ചെയ്യുമ്പോള്‍ അതൊന്നുമല്ല. പാക് താലിബാന്‍ നേതാവ് മുല്ല ഫസലുള്ളയുടെ ആവശ്യപ്രകാരമാണ് കത്തെഴുതുന്നത്. ജയിലിലുള്ള ഭീകരരെ കൊല്ലുന്നതും അപലപനീയമാണ്. അവരെ മോചിപ്പിക്കണം. താലിബാനെ ഇനി ദ്രോഹിക്കരുത്. ദ്രോഹിച്ചാല്‍ കണക്കെടുത്ത് പകരംവീട്ടും. നിങ്ങളുടെ വീടുകള്‍ ശവപ്പറമ്പുകളാകുമെന്നും കത്തില്‍ പറയുന്നു. അതേസമയം, കത്തിന്റെ ആധികാരികത പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പാക്കിസ്ഥാനില്‍ വധശിക്ഷ വീണ്ടും നടപ്പിലാക്കി തുടങ്ങിയതാണ് ഭീരരെ പ്രകോപിച്ചിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് ഭീഷണി മുഴക്കിക്കൊണ്ടുള്ള ഭീകരരുടെ കത്ത് ലഭിച്ചത്. 2008 ല്‍ നിര്‍ത്തലാക്കിയ വധശിക്ഷ പെഷാവറിലെ സ്‌കൂളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പര്‍വേസ് മുഷറഫിന്റെ ഭരണകാലത്തു സൈനിക കേന്ദ്രം ആക്രമിച്ച 17 പേരില്‍ ഒരാളടക്കം രണ്ടു പേരെ ഇന്നലെ തൂക്കിലേറ്റി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8261 തടവുകാരാണു പാക്കിസ്ഥാനിലെ ജയിലുകളിലുള്ളത്. ഇതില്‍ 30% പേരും ഭീകരവിരുദ്ധ നിയമപ്രകാരം 2003നു ശേഷം ശിക്ഷിക്കപ്പെട്ടവരാണ്. 2004നു ശേഷം 235 പേരെ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധേയമാക്കിയിട്ടുണ്ട്.

Top