വെള്ളാപ്പള്ളിയുടെ ലക്ഷ്യം ആര്‍എസ്എസ് ശാക്തീകരണം: പിണറായി വിജയന്‍

കാസര്‍കോട്: കേരളത്തില്‍ ആര്‍.എസ്.എസ്സിന്റെ ശാക്തീകരണത്തിനാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

സംവരണത്തിന് അര്‍ഹതയുള്ള ശ്രീനാരായണീയ വിഭാഗത്തെ, സംവരണം അടക്കം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങളെ പൂര്‍ണമായി എതിര്‍ക്കുന്ന ആര്‍എസ്എസിലേക്ക് എത്തിക്കാനാണ് വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്.

ചാതുര്‍വര്‍ണ്യമാണ് ആര്‍എസ്എസിന്റെ ആദര്‍ശം. ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുക എന്ന ഹിറ്റ്‌ലറുടെ ആശയങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അവര്‍ പിന്നാക്ക വിഭാഗങ്ങളെ, പ്രത്യേകിച്ച് പട്ടികജാതി- പട്ടികവര്‍ഗത്തെ മനുഷ്യരായി പോലും കാണുന്നില്ല. എസ്എന്‍ഡിപി പ്രതിനിധാനം ചെയ്യുന്ന ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന് ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല.

ശ്രീനാരായണീയരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് ആര്‍എസ്എസുമായി ബന്ധമില്ലെന്ന തരത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസ്സിന്റെയും ശ്രീനാരായണ ഗുരുവിന്റെയും ആശയങ്ങള്‍ വ്യത്യസ്തമാണ്. ഉമ്മന്‍ ചാണ്ടി ആര്‍.എസ്.എസ്സുമായി കരുനീക്കം നടത്തുകയാണ്. നാല് സീറ്റ് കീട്ടുമെങ്കില്‍ എന്ത് ചെറ്റത്തരവും കാട്ടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം തുറന്നടിച്ചു.

ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ ധാരാളം ദുരൂഹതയുണ്ട്. അവര്‍ തന്നെ കൊലപ്പെടുത്തുമെന്ന് ശാശ്വതീകാനന്ദ കണ്ണൂരുള്ള തന്റെയൊരു സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ ‘അവര്‍’ ആരെന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം എല്ലാവരുടെയും മനസിലുണ്ട്. എന്നാല്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് പ്രത്യേകസംഘം കേസ് അന്വേഷിക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Top