വെള്ളാപ്പള്ളി വിവാദം: രക്ഷയാകുന്നത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയഗതി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ‘രക്ഷപ്പെടുന്നത് ‘ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സോളാര്‍, ബാര്‍ കോഴ, സലിംരാജ് ഭൂമി തട്ടിപ്പ് കേസ്, പാറ്റൂര്‍ ഭൂമി തട്ടിപ്പുകേസ് തുടങ്ങി നിരവധി അഴിമതി ആരോപണങ്ങളില്‍ പെട്ടുലഞ്ഞ മുഖ്യമന്ത്രിയും സഹമന്ത്രിമാരും തദ്ദേശതിരഞ്ഞെടുപ്പിന്റെ ‘അജണ്ട’യിലില്ല.

എസ്എന്‍ഡിപി-ബിജെപി സഖ്യത്തിനെ പ്രധാന ശത്രുവായി കണ്ട് പ്രതിരോധിക്കാന്‍ സിപിഎം രംഗത്തിറങ്ങിയതാണ് ഈ അഴിമതി ആരോപണ വിധേയര്‍ക്ക് രക്ഷയായത്.

സിപിഎമ്മിന്റെ പരമ്പാരഗതമായ വോട്ടുബാങ്കില്‍ ‘അരുവിക്കര മോഡലില്‍’ വിള്ളല്‍ വീഴ്ത്താന്‍ ബിജെപി വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചതാണ് തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചത്. ഈ നീക്കത്തെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സിപിഎം നേതാക്കളും വെള്ളാപ്പള്ളിയുടെ ‘തനിനിറം’ തുറന്ന് കാട്ടിയതാണ് തിരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റി മറിച്ചത്.

ശാഖകള്‍ തോറും ബിജെപിയുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ നിര്‍ദേശം കൊടുത്ത വെള്ളാപ്പള്ളിയെ പ്രതിരോധത്തിലാക്കാന്‍ മൈക്രോഫിനാന്‍സ് അഴിമതി പുറത്തിട്ട് ആദ്യം വെടിപൊട്ടിച്ചത് വി.എസ് അച്യുതാനന്ദനാണ്.

എസ്.എന്‍. ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും വിദ്യാര്‍ഥി പ്രവേശനത്തിലും നൂറുകോടിയിലേറെ തട്ടിപ്പ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയതായും വി.എസ് ആരോപിച്ചു.

ഇതോട വി.എസിനെ ശിഖണ്ഡി എന്നു വിളിച്ച് രംഗത്തുവന്ന വെള്ളാപ്പള്ളിയെ ശാശ്വതീകാനന്ദയുടെ ദുരൂഹമരണം മുന്‍നിര്‍ത്തി ബിജുരമേശാണ് തിരിച്ചടിച്ചത്.

വെള്ളാപ്പള്ളിക്കെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ വി.എസിന് നേരിട്ട് കൈമാറിയതിന് ശേഷമാണ് ഗുരുതരമായ ആരോപണം ബിജു രമേശ് ഉന്നയിച്ചത്.

രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ഈ ആരോപണവും പ്രത്യാരോപണവുമാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ച.

വെള്ളാപ്പള്ളിയും സിപിഎമ്മും തമ്മില്‍ നടക്കുന്ന രൂക്ഷമായ ഏറ്റുമുട്ടല്‍ മൂലം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്.

എന്തിനേറെ കേരളത്തെ പത്തുദിവസത്തോളം മുള്‍മുനയില്‍ നിര്‍ത്തിയ മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ പോലും ചാനലുകളില്‍ പ്രധാന വാര്‍ത്തകള്‍ ആയില്ല.

സമരം ശക്തമാക്കി തോട്ടം ഉടമകളെയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കുന്നതിനും വെള്ളാപ്പള്ളി വിവാദം തൊഴിലാളികള്‍ക്ക് തിരിച്ചടിയായി.

ഇതുമൂലം മാനേജ്‌മെന്റ് പറഞ്ഞ ഒത്തുതീര്‍പ്പ് വ്യവസ്ഥക്ക് വഴങ്ങേണ്ട അവസ്ഥയും അവര്‍ക്കുണ്ടായി.

കേരളത്തിലെ ഏറ്റവും വലിയ ഒരു സമുദായത്തിന്റെ ആചാര്യന്റെ ദൂരൂഹമരണം ഉയര്‍ത്തിവിട്ട വിവാദം സംസ്ഥാനത്തെ ബീഫ് വിവാദത്തെ പോലും തല്ലിക്കെടുത്തിക്കളഞ്ഞു.

തദ്ദേശ സ്വംയംഭരണ തിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളും സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൃത്യമായ പ്ലാന്‍ തയ്യാറാക്കിയ സിപിഎമ്മിന്റെ കണക്കുകൂട്ടലുകളാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെറ്റിച്ചിരിക്കുന്നത്.

എസ്എന്‍ഡിപി യോഗ – ബിജെപി കൂട്ടുകെട്ടിനെതിരെ മൈക്രോഫിനാന്‍സ് തട്ടിപ്പും ശാശ്വതീകാനന്ദയുടെ മരണവും ഇടതുപക്ഷത്തിന് നല്ല ആയുധമാണെങ്കിലും പ്രധാന എതിരാളികളായ യുഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാത്തത് ഇടതുപക്ഷത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

പാര്‍ട്ടി ഘടകങ്ങളെല്ലാം എസ്എന്‍ഡിപി യോഗമുയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ രംഗത്തിറങ്ങിയതും ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡയികളിലും ശാശ്വതീകാനന്ദയുടെ മരണം പ്രധാനപ്പെട്ട വിഷയമായതുമാണ് സര്‍ക്കാരിനെതിരായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതെ പോകാന്‍ കാരണം.

അതേസമയം സിപിഎമ്മും ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ടും തമ്മില്‍ പോരാട്ടം നടക്കുമ്പോള്‍ അതിനിടയിലൂടെ നിഷ്ട്പ്രയാസം കയറി വിജയിക്കാമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതൃത്വവും.

Top