ജറുസലം: ഇസ്‌റാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന് മൂര്‍ച്ചകൂട്ടി ജൂതര്‍ വെസ്റ്റ് ബാങ്കിലെ പള്ളി അഗ്‌നിക്കിരയാക്കി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇന്നലെ രാവിലെയാണ് ജൂതര്‍ പള്ളി അഗ്‌നിക്കിരയാക്കിയത്. ഷിലോയിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രത്തിന് സമീപമുള്ള പള്ളിയാണ് കത്തിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന മറ്റു രണ്ട് സംഭവങ്ങളില്‍ ഒരു ഇസ്‌റാഈല്‍ സൈനികനും മറ്റൊരു ജൂത സ്ത്രീയും ഫലസ്തീനികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. പള്ളിയുടെ ഒന്നാം നില പൂര്‍ണമായും ജൂത കുടിയേറ്റക്കാര്‍ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്.
സംഭവം സ്ഥിരീകരിച്ച പോലീസ് അന്വേഷണവും ആരംഭിച്ചു. ഇന്നലെ അര്‍ധ രാത്രിയുണ്ടായ മറ്റൊരു സംഭവത്തില്‍, അറബ് ഇസ്‌റാഈല്‍ നഗരമായ ശഫാറാമില്‍ പുരാതനമായ ജുത സിനഗോഗിന് നേരെ ചെറിയ തോതില്‍ ആക്രമണം ഉണ്ടായി. സിനഗോഗിന് നേരെ മദ്യക്കുപ്പികള്‍ എറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനഗോഗിന് ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പോലീസ് പറഞ്ഞു. ഇസ്‌റാഈല്‍ ഫലസ്തീന്‍ സംഘര്‍ഷം ശക്തമായിക്കൊണ്ടിരിക്കെയാണ് ഇതിന് ആക്കം കൂട്ടുന്ന നടപടിയുമായി ജൂതര്‍ രംഗത്തെത്തിയിരിക്കുന്നത്. ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ജൂതര്‍ക്ക് പ്രവേശിക്കാന്‍ ഇസ്‌റാഈല്‍ സൈന്യം സുരക്ഷ ഒരുക്കുകയും ചെയ്ത സംഭവമാണ് വീണ്ടും മേഖലയെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചത്.
അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശ്രമം നടക്കുന്നുണ്ടെങ്കിലും പുതിയ സംഭവ വികാസങ്ങള്‍ ഇതിന് മേല്‍ കരിനിഴല്‍ വീഴ്ത്തി. ഇതിന് പുറമെ ഫലസ്തീനികളുടെ ഭൂമി കൈയേറി അനധികൃതമായി ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതും പ്രദേശത്തെ വീണ്ടും അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സയില്‍ നിലവിലെ അവസ്ഥക്ക് മാറ്റം വരുത്താന്‍ ഉദ്ദേശ്യമില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതൊന്നും സംഘര്‍ഷം അയയുന്നതിലേക്ക് നയിച്ചിട്ടില്ല.