പെര്‍ത്ത്: വെസ്റ്റ് ഇന്‍ഡീസിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ തുടര്‍ച്ചയായ നാലാം ജയമാഘോഷിച്ചു. ഇതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. വെസ്റ്റ് ഇന്‍ഡീസിന്റെ കാര്യമാകട്ടെ പരുങ്ങലിലായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 44.2 ഓവറില്‍ 182 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 39.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. മുന്‍നിര വിക്കറ്റുകള്‍ നിലംപതിച്ചപ്പോള്‍ മികച്ച പ്രകടനത്തിലൂടെ 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ധോണിയാണ് ഇന്ത്യക്കു ജയമൊരുക്കിയത്. നേരത്തേ മിന്നും ബൗളിംഗിലൂടെ വിന്‍ഡീസ് ബാറ്റിംഗ് നിരയെ കശക്കിയെറിഞ്ഞ് മൂന്നു വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് ഷാമിയാണു മാന്‍ ഓഫ് ദ മാച്ച്. മൂന്നു മത്സരങ്ങളില്‍ പരാജയപ്പെടുകയും രണ്ടില്‍ വിജയിക്കുകയും ചെയ്ത വെസ്റ്റ് ഇന്‍ഡീസിന്റെ ക്വാര്‍ട്ടര്‍ പ്രവേശം പ്രതിസന്ധിയിലായി.
ഇന്ത്യയുടെ പ്രധാന ബലഹീനത എന്തെന്നു തെളിഞ്ഞ മത്സരമായിരുന്നു ഇന്നലത്തേത്. ഷോട്ട് പിച്ച് പന്തുകളില്‍ മുട്ടുവിറയ്ക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ക്ഷമകാണിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ഒരു ഘട്ടത്തില്‍ ഇന്ത്യ ആറിന് 134 എന്ന നിലയില്‍ തകര്‍ന്നിരുന്നു.
കുറഞ്ഞ സ്‌കോറും ധോണിയുടെ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ കരകയറ്റിയത്. 183 എന്ന വിന്‍ഡീസിന്റെ കുറഞ്ഞ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. 85 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ ബൗളര്‍മാര്‍ കൊയ്തിട്ടും വിന്‍ഡീസ് 182 റണ്‍സ് നേടിയത് ഇന്ത്യയുടെ പരിതാപകരമായ ഫീല്‍ഡിംഗ് ഒന്നുകൊണ്ടു മാത്രമാണ്. അഞ്ചു നിര്‍ണായക ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്.
വിജയം നായകന്‍ ധോണിക്കു നല്‍കിയതു പുതിയ ഒരു റിക്കാര്‍ഡാണ്. വിദേശത്ത് ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച നായകന്‍ എന്ന റിക്കാര്‍ഡാണ് ധോണി ഇന്നലെ സ്വന്തമാക്കിയത്. സൗരവ് ഗാംഗുലിയുടെ 58 വിജയങ്ങള്‍ എന്ന റിക്കാര്‍ഡ് 59 ആക്കിയാണ് ധോണി തിരുത്തിയത്. വിജയത്തോടെ ഇന്ത്യ പൂള്‍ ബിയില്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്.