വൈദ്യുതി നിരക്ക് കൂടുന്നു

തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് പിരിക്കാന്‍ കമ്മിഷന്‍ അനുവദിച്ചതോടെ മാര്‍ച്ച് മുതല്‍ യൂനിറ്റിന് ഏഴ് പൈസയുടെ വര്‍ധനയുണ്ടാകും. കഴിഞ്ഞ ദിവസം വൈദ്യുതി ബോര്‍ഡ് കമ്പനിയുടെ പെറ്റിഷന്‍ പരിഗണിച്ച റഗുലേറ്ററി കമ്മിഷനാണ് സര്‍ചാര്‍ജ് പിരിക്കാന്‍ അനുമതി നല്‍കിയത്. മറ്റു പെറ്റിഷനുകള്‍ കൂടി പരിഗണിച്ച ശേഷം സര്‍ചാര്‍ജ് ഈടാക്കിയാല്‍ മതിയെന്നു നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ സര്‍ചാര്‍ജ് പിരിക്കാനാകില്ല.

പുറത്തു നിന്നും വൈദ്യുതി വാങ്ങിയതിലെ നഷ്ടം നികത്തുന്നതിനായി 32 കോടി രൂപ സര്‍ചാര്‍ജായി പിരിക്കാനാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തത്വത്തില്‍ അനുമതി നല്‍കിയത്.രണ്ടു വര്‍ഷമായി വൈദ്യുതി ബോര്‍ഡ് സര്‍ചാര്‍ജ് പിരിക്കുന്നതിനുള്ള പെറ്റിഷന്‍ നല്‍കിയിരുന്നില്ല. മൂന്നു മാസത്തിലൊരിക്കല്‍ സര്‍ചാര്‍ജ് പിരിക്കാനുള്ള പെറ്റിഷന്‍ നല്‍കണമെന്ന് നേരത്തെ റഗുലേറ്ററി കമ്മിഷന്‍ നല്‍കിയ നിര്‍ദേശം കമ്പനി ലംഘിക്കുകയായിരുന്നു. കണക്കുകള്‍ നല്‍കാതെ പെറ്റിഷന്‍ പരിഗണിക്കില്ലെന്ന നിലപാടും കമ്മിഷന്‍ സ്വീകരിച്ചിരുന്നു.

ഇതേ തുടര്‍ന്നു കമ്പനി കണക്കുകള്‍ നല്‍കി. തുടര്‍ന്നായിരുന്നു പെറ്റിഷന്‍ പരിഗണിക്കുകയും തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിനുണ്ടായ 32.39 കോടിയുടെ അധിക ബാധ്യത ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. വൈദ്യുതി ലഭ്യത കുറഞ്ഞാല്‍ താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് ഇന്ധന സര്‍ചാര്‍ജായി ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.

Top