ലക്‌നൗ:വൈദ്യുതി മോഷ്ടിക്കുന്നവരെ പൊതു സ്ഥലത്ത് തൂക്കിക്കൊല്ലണമെന്ന് പറഞ്ഞ് വിവാദത്തിലായ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്കിന്റെ പുതിയ പ്രസ്താവനയും വിവാദത്തില്‍. വൈദ്യുതി മോഷ്ടിക്കുന്നവരെ പൊതുസ്ഥലത്ത് വച്ച് ചെരിപ്പ് കൊണ്ടടിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘വൈദ്യുതി മോഷ്ടിക്കുന്നവര്‍ കുറ്റവാളികളാണെന്നും അവരെ പൊതുസ്ഥലത്ത് വച്ച് തൂക്കിക്കൊല്ലണമെന്നും പറഞ്ഞതില്‍ എതിര്‍പ്പുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. എന്തിനായാലും ഒരാളെ തൂക്കിക്കൊല്ലുന്നത് തെറ്റാണെന്നും ചിലര്‍ തിരുത്തി. അതിനാല്‍ എന്റെ പരാമര്‍ശം പരഷ്‌കരിച്ച്, കുറ്റവാളികളെ പൊതു സ്ഥലത്ത് വച്ച് തൂക്കിക്കൊല്ലുകയല്ല, പൊതുസ്ഥലത്ത് വച്ച് ചെരിപ്പിനടിക്കുകയാണ് വേണ്ടതെന്ന് ആക്കുകയാണ്’. ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.
വൈദ്യുതുയുടെ ക്ഷാമം ഉണ്ടായിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ദുരുപയോഗം ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. എല്ലാ ജനങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കണമെന്നും ദുരുപയോഗം തടയണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിന് വൈദ്യുതി ലഭ്യതയുണ്ടാകണമെന്നും, അടിസ്ഥാന സൗകര്യം വേണമെന്നും അദ്ദേഹം പറഞ്ഞു.