വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്: കെറി ഇന്നെത്തും

ഗാന്ധിനഗര്‍: ഇന്നു തുടങ്ങുന്ന ഏഴാമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വാഷിങ്ടണില്‍ നിന്നു യാത്രതിരിച്ചു. ഇന്ന് ഇന്ത്യയിലെത്തുന്ന കെറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചര്‍ച്ച നടത്തും. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധങ്ങളും ബിസിനസ് ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് അമെരിക്കയുടെ ഊന്നലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ സാക്കി വാഷിങ്ടണില്‍ പറഞ്ഞു.

പ്രമുഖ കമ്പനികളുടെ ഇന്ത്യന്‍ സിഇഒമാരുമായും കെറി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തിങ്കളാഴ്ചയാണ് മോദിയുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. മോദിയും സമ്മിറ്റില്‍ പങ്കെടുക്കുന്ന അമെരിക്കന്‍ കമ്പനികളുടെ സിഇഒമാരും കെറിയും ചേര്‍ന്നുള്ള വട്ടമേശ സമ്മേളനവും പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയുഎസ് വ്യാപാരം അഞ്ചു മടങ്ങായി വര്‍ധിപ്പിക്കാനാണ് അമെരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പാതയിലെ സുപ്രധാന നാഴിക്കല്ലാവും കെറിയുടെ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വന്‍തോതില്‍ വര്‍ധിപ്പിക്കുക എന്നത് യുഎസ് ലക്ഷ്യമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. സാങ്കേതിക വിദ്യയില്‍ ഇന്ത്യ അമെരിക്ക സഹകരണം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചാ വിഷയമാവും.
ഇന്ന് അഹമ്മദാബാദിലെത്തുന്ന കെറി ഗാന്ധി ആശ്രമം സന്ദര്‍ശിക്കും. ഉടന്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഫോര്‍ഡ് പ്ലാന്റിലും സന്ദര്‍ശനം നടത്തും. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിലെ മുഖ്യ പ്രാസംഗികന്‍. മൂണ്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. അദ്ദേഹവും നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും.

Top