വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ നിയമ ഭേദഗതി കൊണ്ടുവരുന്നു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിനിടെ വോട്ടര്‍മാര്‍ക്ക് പണവും മറ്റും നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ളവ ചേര്‍ത്ത് നിയമ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നിയമ ഭേദഗതി വരുന്നതോടെ രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഇത് മാറും. സി ആര്‍ പി സിയില്‍ ഭേദഗതി വരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കരട് ഭേഗദതി ബില്‍ തയ്യാറാക്കാന്‍ നിയമ വിദഗ്ധര്‍ക്ക് കൈമാറിയിട്ടുണ്ട്.

പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നല്‍കിയിട്ടുണ്ട്. നിയമ ഭേദഗതി വരുന്നതോടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ടാകും. കോടതിയുടെ അനുമതിയോടെയോ അല്ലാതെയോ അന്വേഷണം നടത്താനും പോലീസിന് അധികാരമുണ്ടാകും.

നിലവില്‍ വോട്ടര്‍മാരെ പണമോ മറ്റ് സാധനങ്ങളോ നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് നോണ്‍ കോഗ്‌നിസബിള്‍ കുറ്റമാണ്. ഐ പി സിയിലെ 171 ബി/ 171 ഇ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. ഒരു വര്‍ഷം തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.

Top