വ്യക്തിപൂജ വിഡ്ഢിത്തത്തിന്റെ മുഖം; മോഡിയുടെ പേരെഴുതിയ കോട്ടിനെ കളിയാക്കി മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ അമാനുഷികനായി വാഴ്ത്തുന്ന നരേന്ദ്ര മോഡിയെ കണക്കറ്റ് കളിയാക്കി വിദേശ മാധ്യമങ്ങള്‍. സ്വന്തം പേര് ആയിരം തവണ തയ്ച്ച കോട്ടുമായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ മാധ്യമങ്ങള്‍ പുകഴ്ത്തുകയായിരുന്നു. പേരെഴുതിയ കോട്ടു കണ്ട് ഒബാമ അല്‍ഭുതപ്പെട്ട് പ്രശംസിച്ചു എന്നായിരുന്നു ചില മാധ്യമങ്ങള്‍ തട്ടിവിട്ടത്. എന്നാല്‍ മുന്‍പ് ഇതുപോലെ പേരെഴുതിയ കോട്ടിട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റും സ്വേച്ഛാധിപതിയുമായ ഹുസ്‌നി മുബാറകിനോടാണ് പാശ്ചാത്യമാധ്യമങ്ങള്‍ മോഡിയെ താരതമ്യപ്പെടുത്തിയത്.

‘വ്യക്തിപൂജ വിഡ്ഢിത്തത്തിന്റെ അറ്റത്തെത്തിക്കുന്ന കോട്ടുമായി മോഡി’ എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയയിലും മോഡിയുടെ കോട്ടിനെ വിമര്‍ശിച്ചും അനുകൂലിച്ചും പ്രതികരണങ്ങള്‍ വൈറലാവുകയാണ്. ഒബാമയോടൊപ്പം ചായ കുടിക്കാന്‍ നേരത്ത് അണിഞ്ഞ നീല നിറമുള്ള സ്യൂട്ടില്‍ മോഡി സ്വന്തം പേര് ആയിരം തവണ തുന്നിച്ചേര്‍ത്തത് ലക്ഷക്കണക്കിന് രൂപ ചെലവിട്ടാണ്. ഇതുപോലെ ഒരു കോട്ടില്‍ ഇങ്ങനെ പേര് തുന്നിച്ചേര്‍ക്കാന്‍ അഞ്ചു ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് ഫാഷന്‍ ഡിസൈനിങ് രംഗത്തുള്ളവര്‍ പറയുന്നു.

അഹമ്മദാബാദ് സ്വദേശി രാകേഷ് അഗര്‍വള്‍ രൂപകല്‍പന ചെയ്ത കോട്ട് തയ്‌ച്ചെടുത്ത സ്ഥാപനമാണ് തെരഞ്ഞെടുപ്പു വേളയില്‍ ‘മോഡി കുര്‍ത്ത’ ഇറക്കിയത്. കോട്ടില്‍ കൈകള്‍ കൊണ്ടു തുന്നിച്ചേര്‍ത്തതാണ് മോദിയുടെ പേരെന്ന് രാകേഷ് അഗര്‍വാള്‍ പറഞ്ഞു. പ്രത്യേക സാങ്കേതികവിദ്യ കൊണ്ടാണിത് ചെയ്തത്.

‘നരേന്ദ്ര ദാമോദര്‍ ദാസ് മോഡി’ എന്ന് കോട്ടിന്റെ എല്ലാ ഭാഗത്തുമായി മോണോഗ്രാം ചെയ്യുകയായിരുന്നുവെന്ന് 1989 മുതല്‍ മോഡിയുടെ വസ്ത്രങ്ങള്‍ തയ്ക്കുന്ന ജേഡ് ബ്ലൂ ഫാഷന്‍ ഡിസൈന്‍ ഷോപ് ഉടമ ബിപിന്‍ ചൗഹാന്‍ പറഞ്ഞു.

Top