വ്യായാമത്തിന്റെ അഭാവം മൂലം യൂറോപ്പില്‍ മരണസംഖ്യ കൂടുന്നു

ലണ്ടന്‍: പൊണ്ണത്തടി മൂലമുള്ളതിനെക്കാള്‍ ഇരട്ടി പേര്‍ വ്യായാമത്തിന്റെ അഭാവംമൂലം യൂറോപ്പില്‍ മരണത്തിനു കീഴടങ്ങുന്നതായി പഠനം. മൂന്നുലക്ഷം പേരില്‍ 12 വര്‍ഷം നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണെ്ടത്തിയത്. പൊണ്ണത്തടിമൂലം പ്രതിവര്‍ഷം 3,37,000 പേര്‍ മരണപ്പെടുമ്പോള്‍ നിഷ്‌ക്രിയത്വം മൂലമുള്ള രോഗങ്ങളാല്‍ പരലോകം പൂകുന്നവരുടെ എണ്ണം 6,76,000മാണെന്ന് കാംബ്രിജ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ദിനംപ്രതി 20 മിനിറ്റ് വ്യായാമത്തിലേര്‍പ്പെടുന്നത് ഏതൊരു വ്യക്തിക്കും പ്രയോജന പ്രദമാണ്. എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്ക് വ്യായാമം പ്രയോജനം ചെയ്യും. പൊണ്ണത്തടിയും നിഷ്‌ക്രിയത്വവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മെലിഞ്ഞവര്‍ നിഷ്‌ക്രിയരായിരിക്കുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും വ്യായാമം ചെയ്യുന്നവരെക്കാള്‍ മികച്ച ആരോഗ്യം തടിയന്‍മാര്‍ക്കുണ്ടാവുമെന്നും ഗവേഷകര്‍ പറഞ്ഞു. 334.161 യൂറോപ്യന്മാരെ 12 വര്‍ഷം നിരീക്ഷിച്ചാണ് ഗവേഷകര്‍ പഠനഫലം പ്രസിദ്ധീകരിച്ചത്.

നിഷ്‌ക്രിയത്വം ഒഴിവാക്കുന്നതിലൂടെ യൂറോപ്പിന് മരണത്തിന്റെ തോത് 7.5 ശതമാനം വരെ കുറയ്ക്കാനാവും. പൊണ്ണത്തടി കുറയ്ക്കുന്നതിലൂടെ 3.6 ശതമാനത്തിന് പെട്ടെന്നുള്ള മരണം ഒഴിവാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പൊണ്ണത്തടിയും നിഷ്‌ക്രിയത്വവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനം അമേരിക്കന്‍ ജേണലാണു പ്രസിദ്ധീകരിച്ചത്.

Top