ശശി തരൂരിനെതിരായി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു

കൊച്ചി:ശശി തരൂര്‍ എംപിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈമാസം 27ലേക്ക് മാറ്റി. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം തെറ്റായ സത്യവാങ്മൂലമാണോ നല്‍കിയത്, വസ്തുതകള്‍ മറച്ചുവെച്ചിട്ടുണ്ടോ തുടങ്ങി ഏഴ് കാര്യങ്ങള്‍ കോടതി പരിശോധിക്കും. ജസ്റ്റിസ് പി.ഭവദാസിന്റെ ബഞ്ചാണ് വസ്തുതകള്‍ പരിശോധിക്കുന്നത്.

നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചതിനാല്‍ തരൂരിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. തരൂര്‍ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചതായി ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണശേഷം ഭീമമായ സ്വത്തുക്കള്‍ ശശി തരൂരിന് ലഭിച്ചു എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശശി തരൂര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് നല്‍കിയ ഹര്‍ജിയിലാണ് ഒ.രാജഗോപാല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Top