ശാശ്വതീകാനന്ദയുടെ മരണം;ക്രൈംബ്രാഞ്ച് ഐ.ജിയില്‍ അവിശ്വാസമെന്ന് സഹോദരി

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച പുനരന്വേഷണം ക്രൈംബ്രാഞ്ച് ഐ ജി അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് സ്വാമിയുടെ സഹോദരി ശാന്ത.

റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രതികരണം അവര്‍ നടത്തിയത്.

ഇതുവരെ അന്വേഷിച്ച് യാതൊരു തെളിവുമില്ലെന്ന് പറഞ്ഞ ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും വരുന്നത് തൃപ്തികരമല്ല. എന്നാല്‍ സത്യസന്ധനായ ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് ഐജി സസ്‌പെന്‍ഷനിലും പ്രശ്‌നങ്ങളുമൊക്കെയുള്ളയാളാണ് അതിനാല്‍ അനന്തകൃഷ്ണന്‍ സാറ് അദ്ദേഹത്തിന്റെ കീഴില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ടീമുണ്ടാക്കി അന്വേഷിക്കുകയാണെങ്കില്‍ സത്യം പുറത്തുവരുമെന്ന വിശ്വാസമുണ്ട്. അവര്‍ വ്യക്തമാക്കി.

ശാശ്വതീകാന്ദയുടെ മരണം ജലസമാധിയാണെന്ന പ്രചരണത്തെ തള്ളിക്കളഞ്ഞ ശാന്ത, സ്വാമിയുടെ കൂടെയുണ്ടായിരുന്ന സാബുവിനെ ശരിക്കും ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും വ്യക്തമാക്കി.

ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.

ശാശ്വതീകാനന്ദയുടെ മരണം ജലസമാധിയാണെന്ന പ്രചരണം തന്നെ ആസൂത്രിതമാണ്. ബാത്ത് റൂം വൃത്തികേടാക്കി ഇട്ടിരുന്നതുകൊണ്ട് മാത്രമാണ് സ്വാമി കുളിക്കാന്‍ പുഴയില്‍ പോയത്.

സംഭവ ദിവസം പല ആളുകളെയും ആലുവയിലേക്ക് ശാശ്വതീകാനന്ദ വിളിച്ചുവരുത്തിയിരുന്നു. ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു ഡോക്ടറോട് ഒരു മണിക്ക് അവിടെ എത്തണമെന്ന് അണ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍ അവിടെ ഇറങ്ങിയപ്പോള്‍ അറിഞ്ഞത് മരണവാര്‍ത്തയാണ്.

ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും അണ്ണനില്ലെന്നും സത്യം പുറത്തുവരണമെന്നും ശാന്ത പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബാര്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ വിശ്വാസ്യതതന്നെയാണ് സ്വാമിയുടെ സഹോദരിയുടെ പ്രതികരണത്തിലൂടെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.

സസ്‌പെന്‍ഷനിലായവരും പ്രശ്‌നക്കാരുമായ ഉദ്യോഗസ്ഥരെ തന്ത്രപ്രധാനമായ തസ്തികയില്‍ എന്തിന് വേണ്ടിയാണ് സര്‍ക്കാര്‍ നിയമിച്ചതെന്ന ചോദ്യവും വരും ദിവസങ്ങളില്‍ ഉയര്‍ന്നുവരും.

ശാശ്വതീകാനന്ദയുടെ കുടുംബത്തിന്റെ താല്‍പര്യം മറികടന്ന് നിലവിലെ അന്വേഷണവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോവുകയെങ്കില്‍ അത് ആരോപണ വിധേയരെ സഹായിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ നാടകമാണെന്ന പ്രതിപക്ഷ പ്രചരണത്തിന് ശക്തിപകരും.

അതേസമയം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ട മൈക്രോ ഫിനാന്‍സ് അഴിമതിയില്‍ അന്വേഷണവും പ്രഖ്യാപിക്കാത്തത് വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായുമുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരമാണെന്ന് സിപിഎം ആരോപിച്ചു.

വിഎസിന്റെ ആവശ്യത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു എന്നു പറയുന്ന സര്‍ക്കാര്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ എന്തുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാതിരിക്കുന്നതെന്നാണ് സിപിഎമ്മിന്റെ ചോദ്യം.

Top