ശിക്ഷ റദ്ദാക്കി; അല്‍ ജസീറാ മാധ്യമപ്രവര്‍ത്തകരെ പുനര്‍വിചാരണ ചെയ്യണമെന്ന് കോടതി

കെയ്‌റോ: തടവിലാക്കപ്പെട്ട അല്‍ജസീറാ മാധ്യമപ്രവര്‍ത്തകരെ പുനര്‍വിചാരണ ചെയ്യണമെന്ന് ഈജിപ്റ്റിലെ പരമോന്നത കോടതി. തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഇവരുടെ ശിക്ഷ കോടതി റദ്ദാക്കി. എന്നാല്‍ ഇവരുടെ ജാമ്യപേക്ഷ തള്ളിയ കോടതി കേസില്‍ പുനര്‍ വിചാരണ തുടരുവോളം മൂന്ന് പേരും കസ്റ്റഡിയില്‍ തടുരുമെന്നും അറിയിച്ചു.

അല്‍ജസീറ ഇംഗ്ലീഷ് വിഭാഗത്തിലെ മാധ്യമപ്രവര്‍ത്തകനായ ഓസ്‌ട്രേലിയന്‍ വംശജന്‍ പീറ്റര്‍ ഗ്രെസ്‌റ്റെ, കനേഡിയന്‍ പൗരത്വമുള്ള ഈജിപ്ഷ്യന്‍ വംശജന്‍ മുഹമ്മദ് ഫാദില്‍ ഫഹ്മി, ഈജിപ്തുകാരനായ ബാഹിര്‍ മുഹമ്മദ് എന്നിവരാണ് തടവിലുള്ള മാധ്യമപ്രവര്‍ത്തകര്‍. ഈജിപ്റ്റ് കോടതി 10 വര്‍ഷം വരെ തടവിന് ശിക്ഷിച്ച ഇവര്‍ ഒരു വര്‍ഷത്തോളമായി ജയിലിലാണ്. മുസ്ലിം ബ്രദര്‍ഹുഡിനോടൊപ്പം ചേര്‍ന്ന് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നാണ് ഇവര്‍ക്കെതിരായ കുറ്റം.

2013 ഡിസംബറിലാണ് ഇവര്‍ കെയ്‌റോയില്‍ വെച്ച് അറസ്റ്റിലായത്. ഗ്രെസ്‌റ്റെ, ഫഹ്മി എന്നിവര്‍ക്ക് ഏഴു വര്‍ഷമാണ് ശിക്ഷ. തെരുവില്‍ നിന്നുകിട്ടിയ ഉപയോഗിച്ച വെടിയുണ്ട കലാപത്തിന്റെ ഓര്‍മക്കായി കൈവശംവെച്ച ബാഹിര്‍ മുഹമ്മദ് ആയുധം സൂക്ഷിച്ച കുറ്റത്തിന് മൂന്നുവര്‍ഷം അധികമായി ജയിലില്‍ കഴിയാനും കോടതി വിധിച്ചിരുന്നു.

Top