നിലവിളക്ക് കത്തിക്കില്ലെന്ന നിലപാടില്‍ ലീഗ് ഉറച്ച് നില്‍ക്കുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ചടങ്ങുകളില്‍ മുസ്ലീംലീഗ് നിലവിളക്ക് കത്തിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നല്‍ക്കുന്നതായി ഇ.ടി. മുഹമ്മദ് ബഷീര്‍. നിലവിളക്ക് വിവാദം അനാവശ്യമാണെന്നും മുഹമ്മദ് ബഷീര്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്നവര്‍ ശിരോവസ്ത്രം ധരിക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെയും അദ്ദേഹം വിമര്‍ശിച്ചു. വിശ്വാസത്തിന്റെ കാര്യത്തില്‍ കോടതിയ്ക്ക് അഭിപ്രായം പറയാന്‍ അധികാരമില്ല.

കോടതി വിധി രാജ്യത്ത് നിയമമാണ്. എന്നാല്‍ എല്ലാ കോടതി വിധിയും ശരിയായിക്കൊള്ളണമെന്നില്ല. ശിരോവസ്ത്രത്തിന്റെ കാര്യത്തിലുള്ള വിധി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇ.ടിയുടെ അഭിപ്രായത്തോട് വിയോജിച്ച് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ രംഗത്തെത്തി. ഇ.ടി യുടേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. ലീഗ് മാത്രം ഇത്തരമൊരു തീരുമാനമെടുക്കുന്നത് സങ്കുചിത മനോഭാവമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top