രാജ്യത്തകത്തും പുറത്തും വിവിധ വേദികളില്‍ അവതരിപ്പിച്ച ശോഭനയുടെ ‘കൃഷ്ണ’ എന്ന നൃത്തശില്‍പം നൂറാമത്തെ വേദിയിലേക്കുള്ള യാത്രയില്‍. അമേരിക്കയിലെ ഹൗസ്റ്റണിലെ അയ്യപ്പക്ഷേത്രത്തില്‍ കൃഷ്ണ അവതരിപ്പിക്കുന്നതോടെ നൂറാമത്തെ വേദി പിന്നിടും.
പ്രമുഖ ദേശിയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശോഭന തേെന്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയുടെ അനുഭവപരിചയത്തിന്റേയും പിന്‍ബലത്തില്‍, കൃഷ്ണനെ ഭംഗിയുള്ള ദൃശ്യങ്ങളിലൂടെയും വ്യത്യസ്ത വീക്ഷണങ്ങളിലൂടെയും അവതരിപ്പിച്ചാണ് ശോഭന ഈ നൃത്തശില്‍പ്പം ഒരുക്കിയിരിക്കുന്നത്.
കൃഷ്ണനെ സൌന്ദര്യശാസ്ത്രപരമായി സമീപിക്കുകയാണ് നൃത്തത്തില്‍ ചെയ്തിരിക്കുന്നത്. ഒപ്പം സംഗീതത്തിന്റെ അകമ്പടിയും നല്‍കി.
ശോഭനയുടെ കൃഷ്ണ നൃത്തം ഓരോ തവണയും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലുമാണ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പല തരത്തിലുള്ള കൃഷ്ണനെയും അവതരിപ്പിച്ചു. സിനിമയില്‍ കോറിയോഗ്രാഫിംഗ് കണ്ട് പരിചയമുള്ളതിനാല്‍ ശോഭന തന്നെയാണ് കൃഷ്ണന്റെ കോറിയോഗ്രാഫിയും നടത്തുന്നത്.
നൃത്തശില്‍പ്പം തയ്യാറാക്കുന്നതിനു മുന്നേ നിരവധി റെഫറന്‍സ് നടത്തിയിരുന്നു. കൃഷ്ണനെക്കുറിച്ച് വ്യത്യസ്ത എഴുത്തുകാര്‍ എഴുതിയ കൃതികള്‍ മാത്രമല്ല, സീരിയലുകളും കാര്‍ട്ടൂണുകള്‍ പോലും താന്‍ പഠിക്കുകയും കാണുകയും ചെയ്തിരുന്നുവെന്ന് ശോഭന പറഞ്ഞു.
പക്ഷേ പറഞ്ഞുപതിഞ്ഞ രീതിയില്‍ പറയുകയായിരുന്നില്ല ലക്ഷ്യം. കൃഷ്ണകഥകള്‍ എല്ലാവര്‍ക്കും അറിയാമെന്നതിനാല്‍ പുതുമയുള്ള രീതിയില്‍ എങ്ങനെ ആകര്‍ഷകമായി അവതരിപ്പിക്കാം എന്നതായിരുന്നു വെല്ലുവിളി. ഇത് ഒരു ഉത്തരവാദിത്തം കൂടിയായിരുന്നു. അദ്ദേഹം ഒരു ദൈവപുരുഷനാണെന്നതുകൂടി പരിഗണിക്കുകയും വേണമായിരുന്നുവെന്നും ശോഭന പറഞ്ഞു.