ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിക്കുന്ന ‘കുറുക്കന്‍’ റിലീസിന് ഒരുങ്ങുന്നു;

 

 

റിലീസിന് ഒരുങ്ങി ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം എന്നിവര്‍ ഒന്നിക്കുന്ന ‘കുറുക്കന്‍’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പോലീസ് വേഷത്തില്‍ നില്‍ക്കുന്ന വിനീത് വലത് കൈയില്‍ ഷൈന്‍ ടോം ചാക്കോയുടെ തലയും ഇടത് കൈയില്‍ ശ്രീനിവാസന്റെ തലയും പിടിച്ച് നില്‍ക്കുന്നതാണ് പോസ്റ്ററിലുളളത്. ജയലാല്‍ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. മീശമാധവനും മനസ്സിനക്കരെയും ക്രിസ്ത്യന്‍ ബ്രദേഴ്‌സും ഉള്‍പ്പെടെ മുപ്പത്തോളം സിനിമകള്‍ നിര്‍മ്മിച്ച മഹാസുബൈര്‍ വര്‍ണ്ണചിത്രയാണ് നിര്‍മ്മാണവും വിതരണവും.

വലിയൊരു താരനിര കൊണ്ടും ഒന്നാംനിര സാങ്കേതിക പ്രവര്‍ത്തകരാലും സമ്പന്നമാണ് കുറുക്കന്റെ കാസ്റ്റ് & ക്രൂ. ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് പുറമെ ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, അശ്വത് ലാല്‍, ശ്രുതി ജയന്‍, ഗൗരി നന്ദ, ജോജി ജോണ്‍, മാളവികാ മേനോന്‍, മറീന മൈക്കിള്‍, അന്‍സിബാ ഹസ്സന്‍, അഞ്ജലി സത്യനാഥ്, അസീസ് നെടുമങ്ങാട്, രമ്യാ സുരേഷ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, സോഹന്‍ സീനുലാല്‍, രശ്മി അനില്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

കുറുക്കന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിംഗാണ്. ജിബു ജേക്കബ് ആണ് ഛായാ?ഗ്രാഹകന്‍. രഞ്ജന്‍ എബ്രഹമാണ് ചിത്ര സംയോജനം. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങളുടെ കലാസംവിധായകനായ ജോസഫ് നെല്ലിക്കന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിക്കുന്നത് സിങ്ക് സിനിമയിലെ സച്ചിനും അറ്റ്‌മോക്‌സ് മിക്‌സിങ്ങ് വിസ്മയയിലെ വിപിന്‍ നായരുമാണ്.

മുഴുനീള കോമഡി ഡ്രാമ ആണെന്നാണ് പോസ്റ്ററുകള്‍ നല്‍കുന്ന സൂചന. ജോണര്‍ എന്തെന്നറിയാന്‍ ട്രെയിലര്‍ റിലീസ് വരെ കാത്തിരിക്കൂ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എട്ട് കോടി രൂപ ബജറ്റില്‍ കഴിഞ്ഞ നവംബറില്‍ ഷൂട്ടിങ്ങ് ആരംഭിച്ച സമയത്തുതന്നെ ഒരു മുന്‍നിര ഒ.ടി.ടി പ്ലാറ്റ്‌ഫോം ചിത്രത്തിന്റെ പ്രീമിയര്‍ റിലീസിന് വന്‍ തുക ഓഫര്‍ നല്‍കിയത് നേരത്തെ ഫിലിം ചേമ്പറിലടക്കം ചര്‍ച്ചയായതാണ്. സിനിമ ആദ്യം തിയേറ്ററില്‍ റിലീസ് മതിയെന്ന നിലപാടാണ് അന്ന് പ്രൊഡക്ഷന്‍ കമ്പനി സ്വീകരിച്ചത്. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

 

Top