ഷാരൂഖ് ഖാന്‍ പാക്കിസ്ഥാന്‍ ഏജന്റ്, നാടുകടത്തണമെന്ന് സാധ്വി പ്രാചി

ലക്‌നൗ: ബോളീവുഡ് താരം ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജെന്റ് ആണെന്ന വിവാദ പ്രസ്താവനയുമായി വിശ്വ ഹിന്ദു പരിഷിത്ത് നേതാവ് സാധ്വി പ്രാചി. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്ന കിങ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ ആയിരുന്നു സാധ്വി പ്രാച്ചിയുടെ പ്രസംഗം.

ഇന്നലെ അന്‍പതാം പിറന്നാള്‍ ആഘോഷിച്ച കിങ് ഖാന്‍ പാക്കിസ്ഥാനിലേക്കു പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുരസ്‌കാരം മടക്കിനല്‍കുന്നവര്‍ ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും അവരെ വിചാരണ ചെയ്യണമെന്നും പ്രാചി ആവശ്യപ്പെട്ടു.

നേരത്തെ, ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു. അവരുടെ ചിത്രങ്ങളുടെ പോസ്റ്ററുകള്‍ കീറിക്കളയണമെന്നും തുറസ്സായ സ്ഥലത്തിട്ടു കത്തിച്ചു കളയണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ഇന്നലെ ഒരു ദേശീയ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കിങ് ഖാന്‍ പറഞ്ഞിരുന്നു. ഇന്നലെ 50ാം പിറന്നാള്‍ ആഘോഷിക്കെയായിരുന്നു ഷാരൂഖിന്റെ പ്രതികരണം. എന്നാല്‍ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കില്ലെന്നും ഷാരൂഖ് വ്യക്തമാക്കിയിരുന്നു.

Top