വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന് നേരെയും ആക്രമണം

ബെര്‍ലിന്‍: ഷാര്‍ളി എബ്ദോയുടെ വിവാദ കാര്‍ട്ടൂണ്‍  പുനഃപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന് ഓഫീസിന് നേരെ അക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

‘ഹാംബര്‍ഗ് മോര്‍ഗണ്‍പോസ്റ്റി’ന്റെ ഓഫീസിലാണ് ഇന്നു രാവിലെ ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ത്ത ശേഷം, പത്രമോഫീസിനുള്ളിലേക്ക് സ്‌ഫോടകവസ്തുക്കള്‍ വലിച്ചെറിയുകയായിരുന്നു.

സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് നിരവധി ഫയലുകളും രേഖകളും മറ്റും നശിച്ചു. സംഭവ സ്ഥലത്തിനടുത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫ്രഞ്ച് കാര്‍ട്ടൂണ്‍ വാരികയായ ‘ ഷാര്‍ളി എബ്ദോ’യില്‍ മുഹമ്മദ് നബിയെക്കുറിച്ച് കാര്‍ട്ടൂണ്‍ വന്നതിനെ തുടര്‍ന്നായിരുന്നു ഓഫീസിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ പത്രാധിപരും പ്രസാധകനും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകരാക്രമണത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വന്‍ റാലി നടക്കുന്നതിന് മുമ്പാണ് ജര്‍മനില്‍ മാധ്യമസ്ഥാപനം ആക്രമിച്ചത്.

Top