നിയാമി : ഫ്രഞ്ച് പത്രമായ ഷാര്‍ളി ഹെബ്‌ദോ വീണ്ടും നബിനിന്ദാ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ ലോകവ്യാപകമായി ആയിരക്കണക്കിന് പേര്‍ പ്രതിഷേധിച്ചു. നൈജറിലും പാക്കിസ്ഥാനിലും പ്രതിഷേധം അക്രമാസക്തമായി. പാക്കിസ്ഥാന്‍ നഗരമായ കറാച്ചിയില്‍ പ്രതിഷേധത്തിനിടെ ജമാഅത്ത് ഇസ്‌ലാമി പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലേറ് നടത്തി. കറാച്ചിയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധിച്ചവര്‍ പോലീസുമായി ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ആറ് പേര്‍ക്ക് പരുക്കേറ്റു. എ എഫ് പി ഫോട്ടോഗ്രാഫര്‍ക്ക് വെടിയേല്‍ക്കുകയുമുണ്ടായി.
അക്രമത്തെ അപലപിച്ച അമേരിക്ക, സ്വതന്ത്രമായി എന്ത് വിവരങ്ങളും പ്രസിദ്ധീകരിക്കാനുള്ള മാധ്യമങ്ങളുടെ ആഗോള അവകാശത്തെ ഊന്നിപ്പറയുകയുമുണ്ടായി. മൗറിത്താനിയയിലെ ധാക്കറില്‍ ഫ്രഞ്ച് പതാക നശിപ്പിക്കപ്പെട്ടു. ഖത്തറും ബഹ്‌റൈനും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ മുന്നറിയിപ്പ് നല്‍കി. വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ളി ഹെബ്‌ദോയുടെ 1.9 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞതായി വിതരണക്കാര്‍ പറഞ്ഞു. അഞ്ച് ദശലക്ഷം കോപ്പികളാണ് അച്ചടിച്ചിരുന്നത്. കാര്‍ട്ടൂണിനെതിരെ ജോര്‍ദാനിലും അള്‍ജീരിയയിലും പ്രതിഷേധം അരങ്ങേറിയിരുന്നു.