ഷീന ബോറ കൊലപാതം: പോലീസിനെ അറിയിച്ചത് ആത്മാര്‍ഥ സുഹൃത്തെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഷീന ബോറയുടെ കൊലപാതക വിവരം പോലീസിനെ അറിയിച്ചത് ഷീനയുടെ ആത്മാര്‍ഥ സുഹൃത്തെന്ന് റിപ്പോര്‍ട്ട്. മീററ്റില്‍ നിന്നും ലഭിച്ച ഷീനയുടെ ഉറ്റ സുഹൃത്തിന്റെ ഫോണ്‍കോളിലൂടെയാണ് കൊലപാതക വിവരം പോലീസ് അറിയുന്നതെന്ന് ദ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഷീനയും സുഹൃത്തും ഗുവാഹത്തിയിലെ ഡിസ്‌നിലാന്‍ഡ് സ്‌കൂളില്‍ പത്താം ക്ലാസ് വരെ ഒരുമിച്ചാണ് പഠിച്ചിരുന്നത്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുന്‍പ് ഗുവാഹത്തിയില്‍ നടന്ന ഈ സുഹൃത്തിന്റെ വിവാഹത്തിലും ഷീന പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. വിവാഹത്തിനെത്തിയ ഷീന സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുലുമായി തന്റെ വിവാഹം അതേ വര്‍ഷം (2012) നടക്കുമെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നു.

കൊല്ലപ്പെടുന്നതിന് മുമ്പ് ഷീനയെ കാണാന്‍ മുംബൈലെ വസതിയില്‍ എത്തിയിരുന്നു. ഫോണ്‍ കോളുകളിലൂടെ ഷീന സുഹൃത്തുമായി ബന്ധം നിലനിര്‍ത്തിയിരുന്നതായും ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ഷീനയുടെ കോളുകള്‍ എത്താതായപ്പോള്‍ അവള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് സുഹൃത്ത് സംശയിക്കുകയും ഇക്കാര്യം പോലീസിനെ അറിയിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top