ഷുഹൈബ് വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് സുധാകരന്‍

k SUDHAKARAN

കണ്ണൂര്‍: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴി തിരിച്ച് വിടാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി സുധാകരന്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും തന്റേയും അടക്കം ഫോണ്‍ ചോര്‍ത്തുന്നതായാണ് കെ.സുധാകരന്റെ ആരോപണം. ഇത് അന്തസ്സുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും നീചമായ ഗുഢാലോചനയുടെ ഭാഗമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സി.പി.എമ്മിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സംഘത്തെ തിരിച്ചറിഞ്ഞെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വാര്‍ത്ത വന്നിരുന്നു. അന്വേഷണ സംഘത്തിലുള്ള കോണ്‍ഗ്രസ് അനുകൂല പോലീസ് ഉദ്യോഗസ്ഥരും ചില മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് വ്യാജ വാര്‍ത്ത നല്‍കുന്ന ഗുഢസംഘമെന്നായിരുന്നു വാര്‍ത്ത. ഇവരെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചുവെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെ.സുധാകരന്‍.

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും സുധാകരന്‍ പ്രതികരിച്ചു.

Top