ഷൈന്‍ സിനിമാ സൗഹൃദത്തിന്റെ ബലിയാട്; വിവാദ ഫ്‌ളാറ്റില്‍ പോയത് രണ്ട് തവണ

കൊച്ചി: ഇതിഹാസ സിനിമയിലൂടെ മലയാള സിനിമയില്‍ ‘ഇതിഹാസം’രചിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ കൊക്കെയിന്‍ കേസില്‍ കുരുങ്ങിയത് അപ്രതീക്ഷിത ക്ലൈമാക്‌സില്‍!

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിഷാമിന്റെ ‘അജ്ഞാത സാമ്രാജ്യം’ തേടിപ്പോയ പൊലീസിന്റെ വലയില്‍ അപ്രതീക്ഷിതമായാണ് ടോം ചാക്കോ കുരുങ്ങിയത്. സുഹൃത്തും സിനിമാ സഹസംവിധായകയുമായ ബ്ലസി സില്‍വസ്റ്ററിന്റെ ഫ്‌ളാറ്റില്‍ ആകെ രണ്ട് തവണ മാത്രമാണ് ഷൈന്‍ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

സിനിമാ പ്രവര്‍ത്തകരുടെ തലസ്ഥാനമെന്നറിയപ്പെടുന്ന കൊച്ചിയില്‍ ഇത്തരം കൂടിക്കാഴ്ചകളും സൗഹൃദങ്ങളും പുതുമയല്ലെങ്കിലും ഫ്‌ളാറ്റില്‍ നിന്ന് കൊക്കെയ്ന്‍ പിടിച്ചെടുത്തതാണ് ഇപ്പോള്‍ നായകനെ വില്ലനാക്കിയിരിക്കുന്നത്. ഗോവ പോലുള്ള വന്‍ നഗരങ്ങളില്‍ നിശാ പാര്‍ട്ടികളിലെ പതിവ് സന്ദര്‍ശകരായിരുന്ന ബംഗളൂരുവിലെ മോഡല്‍ രേഷ്മയും ബ്ലസിയും കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിഷാമിന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. ഇവരുടെ കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി രേഷ്മ, കരുനാഗപ്പള്ളി സ്വദേശിയും ദുബായ് ട്രാവല്‍ മാര്‍ട്ട് ഉടമയുമായ സ്‌നേഹ ബാബു എന്നിവരുടെ പശ്ചാത്തലവും പൊലീസ് പരിശോധിച്ചുവരികയാണ്. മുഹമ്മദ് നിഷാമിന്റെ ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് താമസിക്കുന്നതെന്നാണ് ബ്ലസി സില്‍വസ്റ്റര്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഷൈന്‍ ‘ഇതിഹാസ’യില്‍ അവതരിപ്പിച്ച സ്ത്രീ കഥാപാത്രത്തെ തങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ മയക്ക് മരുന്ന് ലഹരിയിലായിരുന്ന യുവതികള്‍ ആവശ്യപ്പെട്ടെങ്കിലും ഷൈന്‍ വഴങ്ങിയിരുന്നില്ലെന്നും പൊലീസ് പറയുന്നു. ‘ഇതിഹാസ’യിലെ കഥാപാത്രത്തെ പുന:രാവിഷ്‌കരിക്കാന്‍ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ഷൈനിന്റെ ഭാവി തകര്‍ക്കുകയാണ് സഹസംവിധായിക ചെയ്തതെന്ന ആരോപണവും ഇതിനകം ശക്തമായിട്ടുണ്ട്.

സെക്യൂരിറ്റിക്കാരനെ കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിഷാം ആക്രമിച്ച വാര്‍ത്ത പുറത്തുവന്നതോടെ ഇദ്ദേഹത്തിനെതിരെ നിരവധി വിവരങ്ങളാണ് പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍പ്പെട്ട ഒരു വിവരത്തിന്റെ ഉറവിടം തേടിയാണ് കൊച്ചിയിലെ നിഷാമിന്റെ ഫ്‌ളാറ്റില്‍ പൊലീസ് എത്തിയിരുന്നത്.

മയക്ക് മരുന്ന് മാഫിയകളുമായി നിഷാമിന് ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. പൊലീസ് എത്തും മുന്‍പ് ഫ്‌ളാറ്റില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ വിലവരുന്ന 10 ഗ്രാം കൊക്കെയ്ന്‍ ഒരു പ്രമുഖന്‍ കടത്തിയതായ വാര്‍ത്തയോട് പൊലീസ് വ്യക്തമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഈ വഴിക്കും ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.

അതേസമയം ഫ്‌ളാറ്റ് കണ്ടെത്താനുള്ള അടയാളങ്ങളും നമ്പറും കൃത്യമായി പൊലീസിന് കൈമാറിയ അജ്ഞാതന്‍ നിഷാമിനെ അടുത്തറിയാവുന്ന വ്യക്തിയാകുമെന്ന കാര്യത്തില്‍ പൊലീസിനും സംശയമില്ല. തൃശൂരില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് സൂചന.

ഇന്നലെ റിമാന്‍ഡ് ചെയ്യും മുന്‍പ് നടത്തിയ രക്ത പരിശോധനയുടെ ഫലം ഷൈനിന്റെയും യുവതികളുടെയും കേസില്‍ നിര്‍ണായകമാകും. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. ഇതിഹാസയുടെ അപ്രതീക്ഷിത വിജയത്തിന് ശേഷം എട്ടോളം സിനിമകളിലെ നായക കഥാപാത്രമാണ് ഷൈനിനെ തേടി വന്നിട്ടുള്ളത്. സൂപ്പര്‍ താരങ്ങളും അറിയപ്പെടുന്ന സംവിധായകരുമില്ലാതെ ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇതിഹാസ. ഈ ചിത്രത്തിലെ നായക കഥാപാത്രമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച ഷൈന്‍ തന്നെയാണ് ഏറെ പ്രശംസ നേടിയത്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്നതും ഇനി നടക്കാനിരിക്കുന്നതുമായ എല്ലാ സിനിമകളും ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ക്കാണ് ഇതുവഴി കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.

മയക്ക് മരുന്ന് കേസില്‍ പെട്ട നായകന്‍ ഇനി പുറത്തിറങ്ങിയാലും ജനങ്ങള്‍ സ്വീകരിക്കില്ലെന്നുള്ളത് നിര്‍മ്മാതാക്കള്‍ക്കും ഷൈനിനും ഒരുപോലെ വെല്ലുവിളിയാണ്.

Top