സംഘര്‍ഷ മേഖലയിലേക്ക് പോരാളികള്‍ കപ്പലുകള്‍ ഉപയോഗിക്കുന്നുവെന്ന് ഇന്റര്‍പോള്‍

മെല്‍ബണ്‍ : മധ്യേഷ്യയിലെ സംഘര്‍ഷമേഖലകളില്‍ എത്തിച്ചേരാന്‍ സായുധസംഘങ്ങള്‍ കപ്പലുകളെ ആശ്രയിക്കുന്നുവെന്ന് ഇന്റര്‍പോള്‍. ഇറാഖ്, സിറിയ രാജ്യങ്ങളിലെ പോരാളികള്‍ക്കൊപ്പം ചേരാനാണ് ഇവര്‍ കപ്പലുകളെ ആശ്രയിക്കുന്നത്.

റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഈ രീതിയില്‍ എത്ര സായുധ സംഘങ്ങള്‍ യാത്ര ചെയ്തുവെന്നതു വ്യക്തമല്ല. പുതിയ സാഹചര്യത്തില്‍ രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ നടത്തുന്നതിനേക്കാള്‍ ശക്തമായ പരിശോധന തുറമുഖങ്ങളില്‍ നടത്തേണ്ടതാണെന്ന് ഇന്റര്‍പോള്‍ മേധാവി റൊണാള്‍ഡ് നോബിള്‍ പറഞ്ഞു. കഴിഞ്ഞമാസങ്ങളില്‍ പരിശോധനയ്ക്കിടെ പിടിയിലായ നിരവധി വിദേശികളെ തിരിച്ചയച്ചതായി തുര്‍ക്കി അതോറിറ്റിയും വ്യക്തമാക്കി.

സായുധസംഘങ്ങള്‍ പിടിക്കപ്പെടാതിരിക്കാന്‍ ബദല്‍ യാത്രാസംവിധാനങ്ങള്‍ തേടുകയാണെന്ന് ഇന്റര്‍പോളിന്റെ ഭീകരവിരുദ്ധ വിഭാഗം ഡയറക്ടര്‍ പെറി ഹിലാരി അസോഷ്യേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു.

Top