കോയമ്പത്തൂര്‍: കേരള പൊലീസിന്റെയും തമിഴ്‌നാട് -ആന്ധ്ര പൊലീസിന്റെയും സംയുക്ത നീക്കങ്ങളുടെ ഭാഗമായാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കുരുക്കിയതെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു.
ആന്ധ്രയില്‍നിന്ന് തങ്ങളെ തട്ടിക്കൊണ്ട് വരികയായിരുന്നുവെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞതോടെയാണ് പൊലീസിന്റെയും മന്ത്രിയുടെയും തിരക്കഥ പൊളിഞ്ഞത്.
കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ കരിമപെട്ടിയില്‍ ബേക്കറിയില്‍ നിന്ന് ചായകുടിക്കുമ്പോള്‍ പിടികൂടുകയായിരുന്നുവെന്നാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
എന്നാല്‍ ആന്ധ്ര പൊലീസിന്റെ നക്‌സല്‍ വിരുദ്ധ സേനയായ ‘ ഗ്രേഹണ്ടി’ ന്റെ പിടിയിലായ രൂപേഷിനെയും ഭാര്യ ഷൈന അടക്കമുള്ള അഞ്ച് പേരെയും ബേക്കറിയില്‍ ചായകുടിക്കാന്‍ ‘ഇറക്കിയത് ‘ എന്തിനാണെന്ന സംശയവും രൂപേഷിന്റെ വെളിപ്പെടുത്തലോടെ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കാന്‍ വന്നപ്പോഴാണ് പൊലീസിനെ ഞെട്ടിച്ച് രൂപേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചത്. നിരാഹാര സമരം നടത്തിയ ശേഷമാണ് തങ്ങളെ കോടതിയില്‍ ഹാജരാക്കിയതെന്നും രൂപേഷ് വെളിപ്പെടുത്തി.
അതേസമയം കേരളത്തില്‍ രൂപേഷിനെതിരെ ചാര്‍ജ് ചെയ്ത 20ഓളം കേസുകളില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടാന്‍ കേരള പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
പോരാട്ടം തുടരുമെന്നും അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് രൂപേഷ് വിളിച്ച് പറഞ്ഞതും പൊലീസ് സേനക്ക് അപ്രതീക്ഷിത തിരിച്ചടിയായി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ രൂപേഷും സംഘവും പിടിയിലായിരുന്നുവെന്നും ‘ബേക്കറി കഥ’ നാടകമായിരുന്നുവെന്ന ആരോപണവും ഇതിനകം ശക്തമായിട്ടുണ്ട്.
കാര്യങ്ങള്‍ എന്തായാലും ആന്ധ്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ സേനയുടെ ഓപ്പറേഷനിലാണ് രൂപേഷും സംഘവും കുടുങ്ങിയതെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരള പൊലീസ് അവകാശപ്പെടുന്നതുപോലെ സംയുക്ത ഓപ്പറേഷനല്ല ഏക പക്ഷീയമായ ‘സിംഗിള്‍’ ഓപ്പറേഷനായിരുന്നു മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
ഇത് മാവോയിസ്റ്റ് വേട്ടയുടെ ചാമ്പ്യന്‍മാരാവാനുള്ള കേരള ആഭ്യന്തര വകുപ്പിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ആന്ധ്ര പൊലീസിന് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം മാത്രമാണ് ലഭ്യമായിരുന്നത്.