സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു

ചെന്നൈ: തമിഴിലെ മുതിര്‍ന്ന സംവിധായകന്‍ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 7.05ന് ആയിരുന്നു അന്ത്യം. ശവസംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും.

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് തുടങ്ങിയ നിലകളില്‍ പേരെടുത്ത ബാലചന്ദറിന് രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പദ്മശ്രീപുരസ്‌കാരം എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. നടനായും പേരെടുത്ത ബാലചന്ദര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന കമലഹാസന്‍ ചിത്രം ‘ഉത്തമവില്ലനിലാ’ണ് അവസാനമായി അഭിനയിച്ചത്.

എം.ജി.ആറിന്റെ ‘ദൈവത്തായ്’ എന്ന ചിത്രത്തിന് സംഭാഷണമെഴുതി അറുപതുകളുടെ മധ്യത്തില്‍ ചലച്ചിത്രരംഗത്തേക്ക് ചേക്കേറിയ ബാലചന്ദറിന്റെ കണ്ടെത്തലാണ് നടന്‍ രജനികാന്ത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച കമലഹാസനെ വളര്‍ത്തിയെടുത്തതും പ്രകാശ്രാജ്, വിവേക്, സുജാത, ജയപ്രദ, സരിത എന്നിവരെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതും ബാലചന്ദറാണ്.

തമിഴിനുപുറമേ തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര മേഖലയില്‍ തന്റേതായ ഇടം സൃഷ്ടിച്ച ബാലചന്ദര്‍ മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ‘ഇടനിലങ്ങളെ’ന്ന ചിത്രം നിര്‍മിച്ചിട്ടുണ്ട്.

1965ല്‍ പുറത്തിറങ്ങിയ ‘നീര്‍ക്കുമിഴി’ ആണ് സംവിധായകന്റെ തൊപ്പിയണിഞ്ഞ ആദ്യചിത്രം. 1969ല്‍ പുറത്തിറങ്ങിയ ഇരുകോടുകള്‍,അപൂര്‍വരാഗങ്ങള്‍(1975), തണ്ണീര്‍തണ്ണീര്‍(1981), അച്ചമില്ലൈ അച്ചമില്ലൈ(1984) തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. 1988ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമ രുദ്രവീണ ഏറ്റവും മികച്ച ദേശീയോദ്ഗ്രഥന സിനിമയ്ക്കുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡിനര്‍ഹമായി.

1991 ലെ മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന്റെ തന്നെ ‘ഒരുവീട് ഇരുവാസല്‍’ എന്നചിത്രത്തിനും ലഭിച്ചു. തമിഴ്-പഞ്ചാബി പ്രണയത്തിന്റെ കഥപറയുന്ന ബാലചന്ദറിന്റെ ഹിന്ദിചിത്രം ‘ഏക് ദുജേ കേലിയെ’ ബോളിവുഡിലെ എക്കാലത്തെയും വിലിയ ഹിറ്റുകളിലൊന്നാണ്. 2006ല്‍ പുറത്തുവന്ന പൊയ് ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.

ഭാര്യ: രാജം. പരേതനായ കൈലാശം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവരാണ് മക്കള്‍.

Top