തിരുവനന്തപുരം : അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് സംസ്ഥാനത്തിന് 27,686.32 കോടി രൂപയുടെ വാര്‍ഷിക പദ്ധതി. 27686.32 കോടി രൂപയാണ് പദ്ധതി അടങ്കല്‍. ഇതില്‍ ഇരുപതിനായിരം കോടി രൂപ സംസ്ഥാന വിഹിതമാണ്. നടപ്പ് പദ്ധതിയെക്കാള്‍ 16.66 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ലഭ്യമായ വിഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി അടങ്കല്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഇതില്‍ നേരിയമാറ്റങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
4800 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം. കെ.എസ്.ഇ.ബിക്ക് 1350 കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പദ്ധതി വിഹിതമായി 1968.5 കോടി രൂപ വകയിരുത്തി. ഇതില്‍ 1040.92 കോടി രൂപ പട്ടികജാതി വകുപ്പിനും 927.58 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ്. പട്ടികവര്‍ഗ പദ്ധതി വിഹിതം 604.5 കോടി രൂപയാണ്. പട്ടികവര്‍ഗ ഭവന നിര്‍മ്മാണത്തിന് അധിക വിഹിതമായി 150 കോടി രൂപയും ഉള്‍പ്പെടുത്തി.
തീരദേശ വികസന പദ്ധതിക്ക് 187.39 കോടി, മലയോര വികസനത്തിന് 113 കോടി, വയനാട്, കാസര്‍കോട് ജില്ലകളുടെ വികസനത്തിനും ശബരിമല പാക്കേജിനും 129 കോടി എന്നിങ്ങനെ നീക്കിവച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍, തലസ്ഥാന മേഖലാ വികസന പദ്ധതി, അലപ്പുഴ കൊല്ലം ബൈപാസ്, സിയാല്‍ വികസന പദ്ധതി, തിരുവനന്തപുരം കോഴിക്കോട് മാസ് റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം, വ്യാവസായിക വികസന മേഖല എന്നിവയ്ക്കായി 2000 കോടി രൂപ ഉള്‍പ്പെടുത്തി.
സമഗ്ര തൊഴില്‍ അവസര സൃഷ്ടിക്കായുള്ള മിഷന് 25 കോടിയും സ്റ്റുഡന്റ് പൊലീസിന് 10 കോടിയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി 50 ലക്ഷവും വകയിരുത്തി. കേരള പരിപ്രേക്ഷ്യ പദ്ധതി 2030ന് 25 കോടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ധനകാര്യ കമ്മിഷന് ശുപാര്‍ശകളും കേന്ദ്ര ബഡ്ജറ്റും വരുമ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. കേന്ദ്ര വിഹിതത്തിന്റെ കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിക്കാത്തതിനാല്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു.