സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ തിരഞ്ഞെടുപ്പ്‌ പരസ്യപ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം

തിരുവനന്തപുരം: നവംബര്‍ രണ്ടിനു തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്‌ നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. പരസ്യപ്രചാരണം സമാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ അവസാന വട്ട പ്രചാരണം പരമാവധി കൊഴുപ്പിച്ചു വോട്ട് ഉറപ്പാക്കാനുള്ള ശ്രമത്തിലാണു മുന്നണികളും സ്ഥാനാര്‍ഥികളും.

നവംബര്‍ രണ്ടിനു തിരഞ്ഞെടുപ്പ്‌ നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണു ഇന്നു പരസ്യപ്രചാരണത്തിനു സമാപനമാകുന്നത്. ഇന്നു വൈകുന്നേരം അഞ്ചുവരെയാണു പരസ്യപ്രചാരണത്തിന് അവസരമുള്ളത്.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി ആകെ 1,11,11,006 വോട്ടര്‍മാരുണ്ട്. ഏറ്റവുമധികം വോട്ടര്‍മാര്‍ തിരുവനന്തപുരം ജില്ലയിലാണ്. 26,02,589 പേര്‍. തൊട്ടുപിന്നില്‍ കോഴിക്കോട് ജില്ലയാണ്. 22,76,217 വോട്ടര്‍മാര്‍. 5,73,513 വോട്ടര്‍മാരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്.

അക്രമസാധ്യതയുണെ്ടന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്നു തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Top