സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും

കൊച്ചി: കേരളതീരത്ത് ആഴക്കടല്‍ മത്സ്യബന്ധന നിരോധം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. മത്സ്യത്തെ കോരിയെടുക്കുന്ന ട്രോള്‍വല ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിനാണ് കഴിഞ്ഞ 47 ദിവസമായി നിരോധമുണ്ടായിരുന്നത്. ട്രോളിങ് വിലക്കിയതോടെ ജൂണ്‍ 15 മുതല്‍ വിശ്രമത്തിലായിരുന്ന യന്ത്രവത്കൃത ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കടലിലേക്ക് തിരിക്കും.

അറ്റകുറ്റപ്പണികള്‍ തീര്‍ത്തും പുതുമോടിയിലാക്കിയുമുള്ള ബോട്ടുകള്‍, പ്രതീക്ഷകളുമായാണ് പുതിയ സീസണിലേക്ക് ഇറങ്ങുന്നത്. മറുനാടന്‍ ട്രോളറുകള്‍ക്കും മറ്റും നിയന്ത്രണമേര്‍പ്പെടുത്താതെയാണ് സാധാരണ ബോട്ടുകളെ മണ്‍സൂണ്‍ ട്രോളിങ്ങിന് നിര്‍ബന്ധിക്കുന്നതെന്നത് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപമാണ്.

തീരത്തോടടുത്ത കടലില്‍ മത്സ്യങ്ങള്‍ക്ക് പ്രജനനം നടത്താനും അവയുടെ മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നാശം സംഭവിക്കാതിരിക്കാനുമാണ് ട്രോളിങ് നിരോധം. ഇത് ഫലം ചെയ്യുന്നതായി മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഇതിന്റെ ഗുണഫലം ഏറെയും കൊയ്യുന്നത് കടലിലെ മത്സ്യബന്ധനം കുത്തകയാക്കിവെച്ചിരിക്കുന്ന വിദേശ ട്രോളറുകളാണ്.

ഇന്ധനവില കൂടുന്നതും വല, സ്‌പെയര്‍പാര്‍ട്ടുകള്‍ തുടങ്ങിയവയുടെ വിലക്കയറ്റവും തൊഴിലാളികള്‍ക്ക് തിരിച്ചടികളാണ്. കടല്‍മാക്രി പോലുള്ളവയുടെ ആക്രമണത്താല്‍ ലക്ഷങ്ങള്‍ വിലയുള്ള വലകള്‍ ഒറ്റദിവസംതന്നെ നശിക്കപ്പെടാറുണ്ട്. ഇതിനെതിരെയുള്ള ഒരു പ്രതിരോധവും ഫലം കണ്ടിട്ടില്ല.

ട്രോളിങ് നിരോധം അവസാനിക്കാനിരിക്കെ കഴിഞ്ഞദിവസങ്ങളില്‍ ബേപ്പൂരടക്കം മത്സ്യബന്ധന തുറമുഖങ്ങള്‍ സജീവമായി. കരക്ക് കയറ്റിയിരുന്ന ബോട്ടുകള്‍ തുറമുഖത്തേക്കിറക്കാനും അവയില്‍ ഐസ്, ഇന്ധനം എന്നിവ ശേഖരിക്കാനുമുള്ള തിരക്കായിരുന്നു. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കടംകയറിയ ബോട്ടുടമകള്‍ക്ക് ഒറ്റത്തവണ കടലില്‍ ബോട്ടുമായി പോകാന്‍ രണ്ടു മുതല്‍ മൂന്നു ലക്ഷംവരെ ചെലവുണ്ട്.

Top