സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: ഒക്ടോബര്‍ 15 വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ചെലവുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധനവകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച്  ധനവകുപ്പ് പ്രത്യക ഉത്തരവ് പുറപ്പെടുവിച്ചു. അടിയന്തരമായി വേണ്ടിവരുന്ന ചെലവുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വകുപ്പ് തലവന്‍മാരോട് ധന വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.  ഇനിമുതല്‍ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമെ ട്രഷറികളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കു.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും ഈ ഉത്തരവ് പാലിക്കാന്‍ ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 15 വരെ പ്രതീക്ഷിക്കുന്ന അത്യാവശ്യ ചെലവുകള്‍  വകുപ്പ് തലവന്‍മാര്‍ രേഖാമൂലം അറിയിക്കണം. ഇതിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചശേഷം ബന്ധപ്പെട്ട ട്രഷറികളെ അറിയിക്കും.

ധനവകുപ്പ് അനുവദിച്ച തുകമാത്രമെ ട്രഷറികളില്‍ നിന്ന് പാസാക്കുകയുള്ളൂ. ശമ്പളം , ദൈനംദിന ചെലവുകള്‍ എന്നിവയെ ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കാനാവത്ത ആവശ്യങ്ങള്‍ക്കായി ധനവകുപ്പിന് പണം കണ്ടെത്തേണ്ടതുണ്ട്. അതിനാലാണ് വകുപ്പുകളുടെ പ്രാധാന്യമില്ലാത്ത ചെലവുകള്‍ നിയന്ത്രിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Top