ഡിജിപിയടക്കം വിജിലന്‍സ് അന്വേഷണം നേരിടുന്നത് നാല് ഐപിഎസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി കെ.എസ് ബാലസുബ്രഹ്മണ്യത്തിന് എതിരെ കൂടി വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം 4 ആയി.

മനുഷ്യാവകാശ കമ്മീഷന്‍ ഡിഐജി ശ്രീജിത്ത്, മുന്‍ പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍ നായര്‍, എഡിജിപി ടോമിന്‍ തച്ചങ്കരി എന്നിവരാണ് ഡിജിപിക്ക് പുറമെ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐപിഎസുകാര്‍. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള ഐഎഎസുകാര്‍ക്കെതിരെയും നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.

ഐപിഎസുകാര്‍ക്കെതിരെ നടക്കുന്ന അന്വേഷണം ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് സംസ്ഥാന പൊലീസ് ചീഫിനെതിരെ തന്നെ അന്വേഷണം നടത്തേണ്ട ‘ഗതികേട് ‘ വിജിലന്‍സിന് വന്ന് ചേര്‍ന്നിട്ടുള്ളത്.

ഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി തന്നെയാണ് ശ്രീജിത്തിനും ടോമിന്‍ തച്ചങ്കിരിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സാധാരണ ഗതിയില്‍ വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയാല്‍ മാത്രമെ ഉദ്യോഗക്കയറ്റത്തിന് ഉദ്യോഗസ്ഥരെ പരിഗണിക്കാറുള്ളു എന്നിരിക്കെ വിജിലന്‍സിന്റെ അഭിപ്രായം പരിഗണിക്കാതെയായിരുന്നു ശ്രീജിത്തിനും ടോമിന്‍ തച്ചങ്കരിക്കും സര്‍ക്കാര്‍ ഉദ്യോഗക്കയറ്റം നല്‍കിയിരുന്നത്.

വിജിലന്‍സ് -ക്രിമിനല്‍ അന്വേഷണങ്ങള്‍ നേരിടുന്ന നിരവധി കീഴുദ്യോഗസ്ഥര്‍ക്ക് അര്‍ഹതപ്പെട്ട പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും കേസിന്റെ പേര് പറഞ്ഞ് തടഞ്ഞുവച്ച ആഭ്യന്തര വകുപ്പാണ് ഗുരുതര കുറ്റത്തിന് കേസില്‍ പ്രതികളായ ശ്രീജിത്തിനും തച്ചങ്കരിക്കും വഴിവിട്ട ഉദ്യോഗക്കയറ്റം നല്‍കിയത്. പൊലീസില്‍ രണ്ട് നീതി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ മുന്‍ പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍ നായര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ആഭ്യന്തര വകുപ്പാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. രാഹുല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ ആരോപണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്.

ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐപിഎസുകാരില്‍ തച്ചങ്കരിക്കും ശ്രീജിത്തിനും പൊലീസിന് പുറത്താണ് നിയമനം നല്‍കിയിരിക്കുന്നത്. രാഹുല്‍ ആര്‍ നായര്‍ ആകട്ടെ സസ്‌പെന്‍ഷനിലുമാണ്.

സംസ്ഥാന പൊലീസ് മേധാവിയായി ബാലസുബ്രഹ്മണ്യം തല്‍സ്ഥാനത്ത് തുടരുമ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ പരാതിക്കാര്‍ ഇപ്പോള്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം കോടതി ഉത്തരവ് പ്രാഥമിക അന്വേഷണം നടത്താനായതിനാല്‍ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്തിയാല്‍ മാത്രമെ കേസെടുത്ത് തുടരന്വേഷണമുണ്ടാവുകയൊള്ളുവെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

അടുത്തമാസം അവസാനം ബാലസുബ്രഹ്മണ്യം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് കാര്യമില്ലെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. പ്രാഥമിക അന്വേഷണത്തിന് 3 മാസമാണ് കോടതി വിജിലന്‍സിന് സമയം അനുവദിച്ചിട്ടുള്ളത്.

തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊന്ന പ്രതി നിസാമിനെ സഹായിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടുവെന്ന തരത്തില്‍ മറ്റൊരു ഐപിഎസ് ഓഫീസറായ കൃഷ്ണമൂര്‍ത്തി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനോട് സംസാരിക്കുന്ന ഓഡിയോ ടേപ്പ് പുറത്തായതാണ് ഡിജിപിക്കെതിരായ പരാതിക്ക് ആധാരം.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജാണ് വിവാദ ഓഡിയോ ടേപ്പ് പുറത്ത് വിട്ടിരുന്നത്. ഇക്കാര്യത്തില്‍ ഡിജിപിയുടെ ആവശ്യപ്രകാരം സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. വിവാദ ഫോണ്‍വിളിയില്‍ ഡിജിപിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

സസ്‌പെന്‍ഷനിലായ തൃശൂര്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബാണ് ഡിജിപിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കോടതിവിധിയോടെ ജേക്കബ് ജോബ് അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.

കൃഷ്ണമൂര്‍ത്തിയും ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണം ഒര്‍ജിനിലാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമെ മറ്റ് നടപടികളിലേക്ക് കടക്കൂവെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

പൊലീസ് ആസ്ഥാനത്തേയും കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബ് തുടങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും വിജിലന്‍സ് പരിശോധിക്കും. ഈ രണ്ട് ഉദ്യോഗസ്ഥരുടെയും ഓഫീസ് സ്റ്റാഫുകളില്‍ നിന്നും വിജിലന്‍സ് മൊഴി ശേഖരിക്കും.

സംസ്ഥാന പൊലീസ് മേധാവിയുടെ മൊഴി രേഖപ്പെടുത്തേണ്ട സുപ്രധാനമായ ഈ അന്വേഷണത്തിന് ഏത് ഉദ്യോഗസ്ഥനാണ് നിയോഗിക്കപ്പെടുക എന്നാണ് പൊലീസ് സേന ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

സര്‍വ്വീസില്‍ ബാലസുബ്രഹ്മണ്യത്തിന്റെ വളരെ ജൂനിയറായ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ പോളാണ് വിജിലന്‍സ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.

Top