മുംബൈ: ടീം ഇന്ത്യയുടെ ഉപദേശകരായി ഇനി സച്ചിനും ഗാംഗുലിയും ലക്ഷ്മണും. ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ച സച്ചിനും സച്ചിന്‍ പ്രഭാവത്തിന്റെ നിഴലില്‍നിന്ന ഗാംഗുലിയും ലക്ഷ്മണും ഉപദേശകരുടെ റോളില്‍ ടീമിന്റെ ഭാഗമാവുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനാണ് ഇപ്പോള്‍ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ട്വിറ്ററിലൂടെ സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.
സച്ചിനും ഗാംഗുലിയും ലക്ഷ്മണനും പുതിയ ഇന്നിങ്‌സ് തുടങ്ങുകയാണെന്നാണ് അനുരാഗ് താക്കൂറിന്റെ ട്വീറ്റ്. മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും ഉപദേശക സമിതിയിലുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നതെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കല്‍യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ ഉപദേശിക്കുന്നതിന് രൂപീകരിച്ച സമിതിയിലാണ് മൂവരും അംഗങ്ങളാവുക.
രാജ്യാന്തര മത്സരങ്ങള്‍ക്കു മുമ്പ് ബാറ്റ്‌സമാന്‍മാര്‍ സച്ചിനുമായി ആശയവിനിമയം നടത്തുന്ന ശീലം വളര്‍ത്തിയെടുക്കാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നുണ്ട്. വിദേശ പര്യടനങ്ങള്‍ക്കായുള്ള തയാറെടുപ്പുകളെക്കുറിച്ചാവും ഗാംഗുലി ഉപദേശം നല്‍കുക.
പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും വാര്‍ത്തെടുക്കുന്നതിലുമായിരിക്കും ബോര്‍ഡ് ലക്ഷ്മണെ ഉപയോഗിക്കുക. ടീമിന്റെ പുതിയ പരിശീലകനായി ഗാംഗുലി എത്തുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഉപദേശക സമിതിയില്‍ ഗാംഗുലി അംഗമായതോടെ ഈ അഭ്യൂഹത്തിനു കൂടി തടയിടുകയാണ് ബിസിസിഐ.