തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന ദേശീയ ഗെയിംസിന് മുന്നോടിയായി സംഘടിപ്പിച്ച റണ്‍ കേരള റണ്‍ ആരംഭിച്ചു. സംസ്ഥാനത്താകമാനം പ്രമുഖരുടെ പങ്കാളിത്തത്തോടെയായിരുന്നു ഓട്ടം സംഘടിപ്പിച്ചത്. സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റിന് സമീപത്ത് നിന്നും ആരംഭിച്ച റണ്‍ കേരള റണ്ണിന്റെ ഫ്ളാഗ് ഓഫ് ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിച്ചു.
തിരുവനന്തപുരത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെല്‍ഡുല്‍ക്കറുടെ സാന്നിധ്യമായിരുന്നു ഇതില്‍ ഏറ്റവും പ്രത്യേകത നിറഞ്ഞത്. സച്ചിനെത്തിയതോടെ ആയിരങ്ങളാണ് ആവേശത്തിമിര്പ്പിലായത്. സച്ചിനൊപ്പം ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മന്ത്രി തിരുവഞ്ജൂര്‍ രാധാകൃഷ്ണന് ഉള്‍പെടെ ഒട്ടേറെ പ്രമുഖരും കൂട്ടയോട്ടത്തില്പങ്കെടുത്തു.
ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പോര്‍ട്സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്, മേയര്‍ അഡ്വ.കെ.ചന്ദ്രിക, ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്, എംഎല്‍എമാരായ കെ.മുരളീധരന്, വി.ശിവന്‍കുട്ടി, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി.മാത്യു, തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, ഡിസിപി അജിതാബീഗം എന്നിവരും റണ്‍ കേരള റണ്ണില്‍ പങ്കാളികളായി. സുരക്ഷാ കാരണങ്ങളാല്‍ സെക്രട്ടേറിയേറ്റിന്റെ സൗത്ത് ഗേറ്റ് മുതല്‍ നോര്‍ത്ത് ഗേറ്റ് വരെ മാത്രമാണ് സച്ചിന് ഓടിയത്.
കൊച്ചിയില്‍ സൂപ്പര്‍താരം മോഹന്‍ലാലാണ് ഓട്ടം ഫ്ളാഗ്ഓഫ് ചെയ്തത്. ചടങ്ങില്‍ മോഹന്‍ലാല്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മോഹന്‍ ലാലിനൊപ്പം എക്സൈസ് മന്ത്രി കെ.ബാബു, ഹൈബി ഈഡന് എംഎല്‍എ, സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. സ്ത്രീകളും സ്കൂള്‍കുട്ടികളും ഉള്‍പെടെ ആയിരക്കമക്കിന് ആളുകളുടെ പങ്കാളിത്തംകൊണ്ട് ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു സംസ്ഥാനത്ത് സംഘടിപ്പിച്ച റണ്‍കേരളാ റണ്‍.