സദാചാര പൊലീസിനെതിരെ മോഹന്‍ലാലിന്റെ ബ്ലോഗ്

സദാചാര പൊലീസിനെതിരെയും ചുംബന സമരത്തെ പിന്തുണച്ചും മോഹന്‍ലാലിന്റെ ബ്ലോഗ്. സദാചാരം എന്ന് പറഞ്ഞ് മലയാളികള്‍ എന്തൊക്കെ അക്രമമാണ് കാട്ടിക്കൂട്ടുന്നതെന്നെന്ന് നടന്‍ തന്റെ ബ്ലോഗിലൂടെ ചോദിക്കുന്നു. റസ്റ്റോറന്റുകള്‍ തല്ലിത്തകര്‍ക്കുന്നു, ആളുകളെ തെങ്ങില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലുന്നു, കാമുകീകാമുകന്‍മാര്‍ക്കെതിരെ ക്വട്ടേഷന്‍ സംഘത്തെ അയക്കുന്നു. സമ്പൂര്‍ണ്ണ സാക്ഷരരെന്ന് ഞെളിയുന്ന നമ്മള്‍ ഇത്രയും വൈകൃതത്തോടെ സദാചാര പൊലീസാകുന്നത് എത്രമാത്രം ലജ്ജാകരമാണെന്ന് ബ്ലോഗില്‍ പറയുന്നു.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ബസില്‍ വെവ്വേറെ സീറ്റുകളുള്ള സമൂഹമാണ് നമ്മുടേത്. ഇപ്പോഴും നമ്മുടെ ബസുകളില്‍ ഒരു സ്ത്രീ ഇരിക്കുന്ന സീറ്റില്‍ പുരുഷനോ തിരിച്ചോ ഇരിക്കില്ലെന്ന് ലാല്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തൊണ്ണൂറ് വയസുള്ള അമ്മൂമ്മയുടെ അടുത്ത് സീറ്റ് ഒഴിവുണ്ടെങ്കില്‍ പോലും പതിനെട്ടുകാരന്‍ പയ്യന്‍ കമ്പി തൂങ്ങി നില്‍ക്കും. ഇതല്ലേ യഥാര്‍ത്ഥ സാദാചാര വൈകൃതമെന്ന് ലാല്‍ ചോദിക്കുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ സെക്‌സ് മാത്രമേ സംഭവിക്കുന്നൂള്ളൂ എന്ന് കരുതുന്ന ലോകത്തെ ഏക സമൂഹം കേരളത്തിലെ മലയാളികളായിരിക്കാമെന്നും ലാലേട്ടന്‍ പറയുന്നു.

സ്ത്രീക്കും പുരുഷനുമിടയില്‍ നിഷ്‌കളങ്കമായ സ്‌നേഹം, ബഹുമാനം, മാതൃപുത്ര ഭാവം, ശരീര ബന്ധിയല്ലാത്ത പ്രണയം എന്നിവയൊക്കെയുണ്ട്. എന്നാല്‍ സെക്‌സിന്റെ സുന്ദരമായ തലങ്ങളും അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നു വയസുകാരിയേയും അമ്മയോളം പ്രായമുള്ളവരേയും പീഡിപ്പിക്കുന്നതാണ് നമ്മുടെ സെക്‌സെന്ന് ലാല്‍ ബ്ലോഗിലൂടെ പറയുന്നു. പരസ്പരം ചുംബിക്കാനും ചുംബിക്കാതിരിക്കാനും നമുക്ക് അവകാശമുണ്ട്. എന്നാല്‍ നിങ്ങള്‍ എന്റെ കണ്‍മുന്നില്‍ വച്ച് ചുംബിക്കരുതെന്ന് പറയാന്‍ നമുക്ക് അവകാശമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു വയ്ക്കുന്നു.

Top