സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ഭാഗമായി സച്ചിന്‍ ഗ്രാമം ദത്തെടുത്തു

നെല്ലൂര്‍: പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിപ്രകാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്തു. ഗുഡൂര്‍ ടൗണില്‍ നിന്നും പതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള പുട്ടമര്‍ജു കന്‍ട്രിക എന്ന ഗ്രാമമാണ് സച്ചിന്‍ ദത്തെടുക്കുന്നത്.

ഗ്രാമത്തില്‍ 2.79 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി എം.പി ഫണ്ട് ഉപയോഗിക്കും. ഗ്രാമത്തിന്റെ എല്ലാ മേഖലകളിലിലേയും വികസനമാണ് ലക്ഷ്യംവെച്ചിരിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ന് ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തും. ഗ്രാമത്തിലെ കര്‍ഷകരും കുട്ടികളും യുവജനങ്ങളുമായി അദ്ദേഹം സമയം ചെലവിടും. സച്ചിനോടുള്ള ആദരസൂചകമായി മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കുമെന്ന് ഗ്രാമവാസികള്‍ പ്രതിജ്ഞയെടുത്തു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോഡിയും സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ഭാഗമായി ഗ്രാമം ദത്തെടുത്തിരുന്നു. യു പിയിലെ ജയാപൂര്‍ ഗ്രാമമാണ് അദ്ദേഹം ദത്തെടുത്തത്.

Top