സമരപരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് എല്‍ഡിഎഫ് യോഗം

തിരുവനന്തപുരം: നിയമസഭയിലെ സമരപരിപാടികള്‍ തീരുമാനിക്കുന്നതിനായി ഇന്ന് ഇടതുമുന്നണി യോഗം ചേരും. സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ നിന്നും വിട്ടു നിന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുക്കും. അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. സിപിഎമ്മിലും സിപിഐയിലും പുതിയ സംസ്ഥാന സെക്രട്ടറിമാര്‍ ചുമതലേയറ്റ ശേഷമുള്ള ആദ്യ യോഗമാണിന്ന്. സിപിഎം നിയമസഭാ കക്ഷി ഉപനേതാവെന്ന നിലയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെയും മുന്നണി യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആദ്യ യോഗമാണ്.
ബാര്‍ കോഴ വിഷയത്തില്‍ കെ.എം. മാണിക്കെതിരേയും സോളാര്‍, നിസാം കേസുകളില്‍ മുഖ്യമന്ത്രിക്കെതിരേയുമുള്ള സമര പരിപാടികളാണ് യോഗം ചര്‍ച്ച ചെയ്യുക. കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു സിപിഎമ്മും സിപിഐയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമസഭാ ഉപരോധം അടക്കമുള്ള സമര പരിപാടികളാണ് ആലോചിക്കുന്നത്. 13നാണ് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്.

Top