കൊച്ചി: സരിതയുടെ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ വെളുപ്പെടുത്തി കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രിയുടെ സഹായി എന്ന് അവകാശപ്പെടുന്ന തോമസ് കുരുവിളയ്ക്ക് സരിത 25 ലക്ഷം രൂപ കൈമാറിയെന്ന് പിള്ള സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കി.
ഡല്‍ഹിയില്‍ വെച്ച് 15 ലക്ഷവും പിന്നീട് തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും കൈമാറിയെന്നാണ് പിള്ള പറഞ്ഞത്. കത്തില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ടെന്നും പിള്ള കമ്മീഷനെ അറിയിച്ചു. കമ്മീഷന് മൊഴി നല്കിയ ശേഷം പുറത്തിറങ്ങിയ പിള്ള മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എറണാകുളം ജില്ലയിലെ ഒരു എംഎല്‍എയ്ക്ക് സരിത മൂന്ന് ലക്ഷം രൂപ നല്കിയിട്ടുണ്ട്. ധാര്‍മികതയുടെ പേരില്‍ സരിതയുമായി ബന്ധമുള്ള മറ്റ് മന്ത്രിമാരുടെ പേരുകള്‍ താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കത്തിന്റെ പിന്നില്‍ യുഡിഎഫ് വിട്ട മുതിര്‍ന്ന നേതാവാണെന്ന ആരോപണം പിള്ള തള്ളി. തനിക്ക് കത്ത് പുറത്തുവിടണമായിരുന്നെങ്കില്‍ രണ്ട് വര്‍ഷം മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ താഴെവീഴുമായിരുന്നുവെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കമ്മീഷന് മുന്നില്‍ തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ശ്രീധരന്‍ നായരുമൊത്ത് സരിത മുഖ്യമന്ത്രിയെ ഓഫീസില്‍ എത്തി കണ്ടിരുന്നു. പിന്നീട് മുഖ്യമന്ത്രിക്കൊപ്പമാണ് സരിത ലിഫ്റ്റില്‍ പുറത്തിറങ്ങിയത്. ഇക്കാര്യങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.