തിരുവനന്തപുരം: രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി സരിത എസ് നായര്‍ എഴുതിയ കത്തിന്റെ ഉറവിടവും നിജസ്ഥിതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി സരിതുടെ കത്ത് ക്രൈംബ്രാഞ്ച് പിടിച്ചെടുക്കും.
ഇതിനകം പുറത്ത് വന്ന കത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ, ക്രൈംബ്രാഞ്ചിന് സരിതയുടെ പക്കലുള്ള യഥാര്‍ത്ഥ കത്ത് പിടിച്ചെടുക്കല്‍ നിര്‍ബന്ധമാണ്.
ഇതോടെ കത്തില്‍ ആരോപണം ഉന്നയിച്ച മന്ത്രിമാര്‍ക്കെതിരെയും മുന്‍ കേന്ദ്രമന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ അന്വേഷണം നടത്തേണ്ടിവരും. ഇതിനിടെ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കേസ് ഒതുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനും തിരിച്ചടിയാകും.
തനിക്ക് കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാനുണ്ടെന്ന് ആരോപണ വിധേയരില്‍ ഒരാളായ ജോസ് കെ. മാണി ഡിജിപിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ജോസ് കെ. മാണിയുടെ പരാതി കൈമാറാന്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ വൈകിട്ടോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം പുറത്തിറക്കി.
പത്തനംതിട്ട ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് സരിത കത്തെഴുതിയത്. കത്ത് പിടിച്ചെടുത്ത് ജോസ് കെ. മാണിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഡിജിപിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
മാദ്ധ്യമങ്ങള്‍ക്ക് വ്യാജ കത്ത് നല്‍കിയതാരാണെന്ന് പരിശോധിക്കണമെന്നും അവര്‍ക്ക് പിന്നിലുള്ള വന്‍ലോബിയെ പുറത്ത് കൊണ്ടുവരണമെന്നുമാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടിരുന്നത്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ നടത്തിയ ഗൂഢാലോചനയിലെ ഇരയാണ് താനെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ജോസ് കെ. മാണിയെ ആരോപണവിമുക്തനാക്കാന്‍ സരിത നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തികാട്ടിയ യഥാര്‍ത്ഥ കത്തില്‍ ജോസ് കെ.മാണിയുടെ പേരുണ്ടെന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് ജോസ്.കെ മാണി കുടുങ്ങിയത്.
മാണിക്കും ജോസ് കെ. മാണിക്കും എതിരെ പി.സി ജോര്‍ജ് ഗുരുതരമായ ആഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയതും ഇരുവരെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനിടെ സരിതയുടെ കത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമോ എന്ന ആശങ്കയും യുഡിഎഫ് കേന്ദ്രങ്ങളില്‍ ഉയരുന്നുണ്ട്.
സര്‍ക്കാരിലെ അന്തഛിദ്രവും ഭിന്നിപ്പും മറനീക്കി പുറത്തു വന്നതിനാല്‍ പഴയതുപോലെ പോലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അനുസരിക്കുമോ എന്ന ഭീതിയും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമുണ്ട്.